കണ്ണാടിക്കൽ: ഷിരൂർ ദുരന്തം സംഭവിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ അർജുന്റെ മരിക്കാത്ത ഓർമകളിൽ കഴിയുന്ന ഒരു കുടുംബമുണ്ട് ഇവിടെ. 72 ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം, ഉയർന്നുവന്ന നിരവധി വിവാദങ്ങൾ ആരോപണങ്ങൾ. മനസ്സുരുകുമ്പോഴും നിശ്ചയ ദാർഢ്യത്തോടെ ഒറ്റക്കെട്ടായാണ് അർജുന്റെ കുടുംബം ഇവയെല്ലാം അതിജീവിച്ചത്.
2024 ജൂലൈ 16 രാവിലെ 8:30. ബെളഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ. പൻവേൽ - കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ കനത്ത മഴയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്റെ ലോറി അപകടത്തിൽപ്പെടുന്നത്.
ജൂലൈ 19ന് അപകടവിവരമറിഞ്ഞ് അർജുന്റെ സഹോദരനും സഹോദരി ഭർത്താവും ഷിരൂരിലേക്ക് തിരിക്കുന്നു. തിരച്ചിൽ പേരിനു മാത്രമെന്ന് കണ്ട് ബോധ്യപ്പെട്ട അർജുൻ്റെ സഹോദരനുൾപ്പെടെയുള്ളവർ വിവരം മലയാള മാധ്യമങ്ങളെയും കോഴിക്കോട് എംപി എം. കെ. രാഘവനെയും അറിയിച്ചു. അപകടവിവരം കേരളത്തിൽ വലിയ വാർത്തയാകുന്നു. പിന്നീട് നടന്നത് 72 ദിവസം നീണ്ടുനിൽക്കുന്ന പോരാട്ടമായിരുന്നു.
രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് എന്ന് കാണിച്ച് അർജുൻ്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കേണ്ട സാഹചര്യം വരെ ഉണ്ടായി. നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തെ ഒരേ മനസ്സോടെയാണ് അർജുന്റെ കുടുംബം നേരിട്ടത്. ഓരോ ദിനവും തിരച്ചിൽ ഫലം കാണാതെ അവസാനിപ്പിച്ചപ്പോഴും കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നില്ല. നിശ്ചയ ദാർഢ്യത്തോടെ ഓരോ സാഹചര്യങ്ങളെയും കുടുംബം ആഭിമുഖീകരിച്ചു. ശുഭ വാർത്തക്കായുള്ള കാത്തിരിപ്പിന്റെ ഓരോ ഘട്ടവും മലയാളിയുടെ കണ്ണ് നനയിച്ചു. ആഴ്ചകൾ കഴിഞ്ഞതോടെ കുടുംബം യാഥാർത്ഥ്യം ഉൾക്കൊണ്ടു.
ഓഗസ്റ്റ് 7 ന് അർജുന്റെ കുടുംബത്തിനുള്ള സഹായമായി ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി. സെപ്റ്റംബർ 2ന് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. സർക്കാർ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് ജൂനിയർ ക്ലർക്ക് നിയമനം നൽകുകയായിരുന്നു.
നിരവധി വിവാദങ്ങളും ഉയർന്നു വന്നെങ്കിലും അവയെ എല്ലാം കുടുംബം സംയമനത്തോടെ നേരിട്ടു. 72 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 25ന് ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ നിന്നും അർജുന്റെ ലോറിയും കാബിനിൽ നിന്ന് അർജുന്റെ മൃതദേഹവും കണ്ടെത്തി. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്. ഏറെ കൊതിച്ച് നിർമാണം പൂർത്തിയാക്കിയ വീടിനോട് ചേർന്ന് കുടുംബം അർജുന് അന്ത്യ വിശ്രമം ഒരുക്കി.