ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കന്നിയങ്കത്തിനിറങ്ങിയ അരോമ ചുണ്ടൻ ജലരാജനായി. നീരണിഞ്ഞ വർഷം തന്നെ നെഹ്റുവിൻ്റെ വെള്ളിക്കപ്പ് സ്വന്തമാക്കുക എന്ന അതുല്യസ്വപ്നമാണ് അരോമയ്ക്ക് സഫലമായത്. മില്ലി സെക്കൻ്റുകളുടെ വ്യത്യാസത്തിൽ പിബിസി പുന്നമടയുടെ നടുഭാഗം രണ്ടാമതും യുബിസി കൈനകരിയുടെ വീയപുരം മൂന്നാമതും ഫിനിഷ് ചെയ്തു.
നാല് മിനുട്ട് 23 സെക്കൻ്റ് 328 മില്ലി സെക്കൻ്റിനാണ് ജലജെറ്റായി കുതിച്ചെത്തിയ അരോമ ചുണ്ടൻ്റെ സ്വർണക്കൂമ്പ് മൂന്നാം ട്രാക്കിൻ്റെ ഫിനിഷിംഗ് ലൈനിനെ ചുംബിച്ചത്. 120 മില്ലി സെക്കൻ്റുകളുടെ മാത്രം വ്യത്യാസത്തിൽ നടുഭാഗം രണ്ടാമതും, അതിനും മുന്നൂറ്റിച്ചില്വാനം മില്ലി സെക്കൻ്റുകൾക്കപ്പുറം വീയപുരവും ഒരൊറ്റ നിമിഷത്തിൻ്റെ മാത്രം വ്യത്യാസത്തിൽ നാലാമത് മേൽപ്പാടവും തുഴഞ്ഞെത്തി. അക്ഷരാർത്ഥത്തിൽ സിരകളെ ത്രസിപ്പിച്ച ഫോട്ടോഫിനിഷ്.
കഴിഞ്ഞ വർഷം വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ നാല് അമരക്കാരെയും ഭൂരിപക്ഷം തുഴക്കാരെയും ടീമിലെത്തിച്ചാണ് സ്വന്തം ക്ലബ്ബ് രൂപീകരിച്ചെത്തിയ അരോമ ഗ്രൂപ്പിൻ്റെ ചുണ്ടൻ കിരീടം ചൂടിയത്. ചാമ്പ്യൻമാരായിരുന്ന വിബിസി തുഴഞ്ഞ തലവടി ചുണ്ടൻ ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു.
ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചാമ്പ്യൻമാരായതിന് ശേഷമാണ് അരോമ പുന്നമടയില്‍ എത്തി കപ്പടിച്ചത്. പുന്നമടയിൽ വെയിലും മഴയും മാറിവന്നു. 21ൽ എട്ട് ചുണ്ടൻമാരെങ്കിലും ജലരാജ കിരീടം ചൂടാതെ കരകാണില്ലെന്ന ശപഥമേടുത്ത് വന്നവരായിരുന്നു. ഓളപ്പരപ്പിനെ തീപ്പിടിപ്പിച്ച വേഗപ്പോരിൽ ഇരു കരയിലും ആവേശം കായൽ കവിഞ്ഞു.
പക്ഷേ കഴിഞ്ഞ കൊല്ലത്തെ കണക്ക് തീർക്കാനെത്തിയ യുബിസിയും പിബിസിയും അടക്കം വേഗരാജാക്കന്മാർ ഇത്തവണയും നിരാശരായി. വെർച്ച്വൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനം ഇത്തവണയും വിധിനിർണയം അതിവേഗമാക്കി.. ബിസിനസ് ഗ്രൂപ്പിൻ്റെ ചുണ്ടൻ കിരീടം ചൂടിയപ്പോൾ കലാശപ്പോരിൽ കാലങ്ങളായി കാണാറുള്ള കരക്കാരുടെ ആഘോഷം ഇത്തവണ ഉണ്ടായില്ല.