അരുവാപ്പാലം ഗ്രാമപഞ്ചായത്ത് Source: News Malayalam 24x7
KERALA

തദ്ദേശ തിളക്കം| യുവാക്കൾ മുതൽ വയോജനങ്ങൾ വരെ ഹാപ്പി; ജനപ്രിയമായി അരുവാപ്പാലം പഞ്ചായത്ത്

വിവിധ പദ്ധതികളിലൂടെ വയോജനങ്ങളെയും കുട്ടികളെയും ഒരുപോലെ ചേർത്ത് പിടിക്കുകയാണ് പഞ്ചായത്ത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: എല്ലാവരുടേയും ഹൃദയം തൊടുന്ന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷമായി പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലൂടെ വയോജനങ്ങളെയും കുട്ടികളെയും ഒരുപോലെ ചേർത്ത് പിടിക്കുകയാണ് പഞ്ചായത്ത്. വയോജനങ്ങൾക്കായുള്ള വയോ ക്ലബ്ബും യുവാക്കൾക്കായുള്ള ടർഫുമെല്ലാം ഇതിൽ ഉൾപ്പെടും.

ഒത്തുകൂടാൻ ഇടമില്ലാതാകുന്ന കാലത്ത് വയോജനങ്ങൾക്കായി ഒരു ക്ലബ്‌ തന്നെ ഒരുക്കിയിരിക്കുകയാണ് എൽഡിഎഫ് നേതൃത്വം നൽകുന്ന പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് . ഇവിടെ അവർ ചേർന്നിരിക്കും. പുസ്തകങ്ങൾ വായിക്കും, കഥകളും തമാശയും പറയും. ഇവരുടെ കണ്ണിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും തന്നെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ സന്തോഷം. വയോധികർക്കായി വിനോദ യാത്രകളും പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

യുവാക്കൾക്കായി പഞ്ചായത്ത് എന്തുചെയ്തെന്ന ചോദ്യത്തിനുള്ള ഉത്തരം പഞ്ചായത്തിലെത്തിയാൽ കാണാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ടർഫ്. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നതിന് മുൻപ് തന്നെ അരുവാപ്പുലത്ത് കളിസ്ഥലമുണ്ട്.

തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് അരുവാപ്പുലം റൈസ് എന്ന ബ്രാൻഡിൽ അരിയും അരുവാപ്പുലം ചില്ലീസ് എന്ന പേരിൽ മുളകും വിപണിയിൽ ഇറക്കി. ഭിന്നശേഷിക്കാർക്കായി സന്തോഷയാനം ടൂർ പാക്കേജ് , കുട്ടികൾക്കായി സ്‌പീച്ച് തെറാപ്പി, വനിതകൾക്കായുള്ള കരാട്ടെ പരിശീലനം, ജിം, സ്വയം തൊഴിൽ പരിശീലന കേന്ദ്രം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതിക്ക് കീഴിൽ നടപ്പിലായത്.

അഭിമാന പദ്ധതിയായ വയോ ക്ലബ്ബിലെ വയോജനങ്ങളുടെ ഇനിയുള്ള ആഗ്രഹം വിമാനത്തിൽ കയറണം എന്നാണ്. കര, കടൽ ആകാശം എന്ന പദ്ധതിയിലൂടെ ഈ ആഗ്രഹവും സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് .

SCROLL FOR NEXT