KERALA

നിലമ്പൂര്‍ യുഡിഎഫ് ജയിക്കും; ഇടതു സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കുറിക്കലാണിത്: ആര്യാടന്‍ ഷൗക്കത്ത്

"രണ്ട് തവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോട് കൂടി തിരിച്ചുപിടിക്കാൻ ജനങ്ങളും യുഡിഎഫും തയ്യാറായി നില്‍ക്കുകയാണ്"

Author : ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം മുന്‍കൂട്ടി തുടങ്ങാനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എന്നെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒന്‍പത് വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് നിലമ്പൂരില്‍ നിന്നാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സ്വരാജ് എന്റെ അടുത്ത സുഹൃത്ത് ആണ്. എപ്പോഴും കാണുകയൊക്കെ ചെയ്യുന്ന സുഹൃത്താണ്. ഉപതെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ നിലമ്പൂരില്‍ എന്തുകൊണ്ടാണ് അവര്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നു എന്നതിന് മറുപടി പറയേണ്ടത് സിപിഐഎം ആണ്. 1967 ന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ മാത്രമാണ് അവര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത്. അല്ലാതെ എല്ലാം സ്വതന്ത്രരെ തിരയുകയായിരുന്നു.

എന്തുകൊണ്ടാണ് സിപിഐഎമ്മിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇത്ര സമയം എടുത്തത് എന്ന് അവരോട് ചോദിച്ചാല്‍ അറിയാം. എന്തൊക്കെ സംഭിവച്ചാലും രണ്ട് തവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോട് കൂടി തിരിച്ചുപിടിക്കാനും കേരളത്തിന്റെ ഭരണത്തിനെതിരെ ഒരു വലിയ ജനവിധിയെഴുതാനും ജനങ്ങളും യുഡിഎഫും തയ്യാറായി നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അന്‍വര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല. അന്‍വര്‍ ചര്‍ച്ച നടത്തുന്നത് നേതാക്കന്മാരുമായിട്ടാണ്. അവരാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത്. നേരത്തെയുണ്ടായിരുന്നതിനേക്കാളും ഭൂരിപക്ഷം വര്‍ധിക്കും. പാലക്കാടും പുതുപ്പള്ളിയിലും ഒക്കെ നിങ്ങള്‍ കണ്ട വിജയം അത് നിലമ്പൂരും ആവര്‍ത്തിക്കും. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഇന്ന് നിലമ്പൂരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്യാടന്‍ മുഹമ്മദ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതിന് മുന്നോടിയായാണ് കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ഇന്ന് നിലമ്പൂരെത്തും. എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിന്റെ നാന്ദികുറിക്കലാവും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് എന്ന് കഴിഞ്ഞ ദിവസം സ്വരാജ് പറഞ്ഞിരുന്നു.

SCROLL FOR NEXT