യുഡിഎഫ് കൊട്ടിക്കലാശത്തിൻ്റെ ദൃശ്യങ്ങൾ Source: Facebook/ Aryadan Shoukath
KERALA

ഇടതു ഭരണത്തിനെതിരായ ജനവിധി, ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം: ആര്യാടൻ ഷൗക്കത്ത്

കഴിഞ്ഞ ഒൻപത് വർഷമായി നിലമ്പൂർ ഏറ്റ അവഗണനയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ ജനവിധി കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ പ്രസ്താവന. യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷത്തിന് തന്നെ സീറ്റ് തിരിച്ചുപിടിച്ചെന്നും വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ മണ്ഡലം തിരിച്ചെടുത്ത ആഹ്ളാദത്തിലാണ് ആര്യാടൻ ഷൗക്കത്ത്. ഡിലിമിറ്റേഷന് പിന്നാലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും നിലമ്പൂരിൽ മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 5000 വോട്ടുകളാണ് ആര്യാടൻ മുഹമ്മദിന് ലഭിച്ചത്. ശേഷം യുഡിഎഫിന് മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് ഇപ്പോൾ മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്ത്‌ നന്ദിയറിയിച്ചു.

പിണറായി വിജയൻ ഭരണത്തിനെതിരായ കേരളത്തിലെ ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തുവെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ പ്രസ്താവന. കഴിഞ്ഞ ഒൻപത് വർഷമായി നിലമ്പൂർ ഏറ്റ അവഗണനയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. എന്നാൽ അൻവറിൻ്റെ പ്രകടനത്തിൽ യുഡിഎഫ് പ്രതീക്ഷിച്ചതിലുമപ്പുറം ഒന്നും സംഭവിച്ചില്ലെന്ന് ഷൗക്കത്ത് പറയുന്നു.

17 റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോൾ വിജയമുറപ്പിച്ച് ലീഡ് നില ഉയർത്തുകയാണ് യുഡിഎഫ്. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ മുന്നേറുന്നത്. 17 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം. സ്വരാജിന് മുന്നേറാനായത്. അൻവറിൻ്റെ സ്വാധീനവും മണ്ഡലത്തിൽ പ്രസക്തമായിരുന്നു. പതിനായിരത്തിലധികം വോട്ടാണ് ഒറ്റയ്ക്ക് വഴിവെട്ടിവന്ന അൻവർ നേടിയിരിക്കുന്നത്.

SCROLL FOR NEXT