പിണറായി വിജയൻ, വി.ഡി. സതീശൻ Source: Facebook
KERALA

പോസിറ്റീവ് പ്രതികരണത്തിനായി യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി; സിപിഐഎമ്മിൻ്റെ ശ്രമം വർഗീയത വോട്ടാക്കാനെന്ന് സതീശൻ

നിലമ്പൂരിൽ പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മുന്നണികൾ

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ വീണ്ടും സജീവമായി. നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ യുഡിഎഫിന് കിട്ടുന്ന പ്രതികരണം പോസിറ്റീവ് അല്ല. അത് കൊണ്ടാണ് അവർ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടിയതെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ വിഷയത്തിൽ ഒരു പടികൂടി കടന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം. യുഡിഎഫിന് രാഷ്ട്രീയം നഷ്ടപ്പെട്ട് ആയുധമില്ലാതെ അടരാടുന്ന നിലയാണ്. ജമാഅത്തെ ഇസ്ലാമിയോട് കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്ര വിവരക്കേട് പറയുന്ന ഒരു പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.

എന്നാൽ വർഗീയത പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നാണ് വി.ഡി. സതീശൻ തിരിച്ചടിച്ചത്. ജമാഅത്തെ ഇസ്ലാമിയെ തോളിൽ കൊണ്ട് നടന്ന ആളാണ് പിണറായി വിജയൻ എന്നും വി.ഡി. സതീശൻ പറഞ്ഞു.

വന്യമൃഗ ശല്യം തടയാൻ സർക്കാർ എന്ത് ചെയ്തു, ക്ഷേമപെൻഷൻ മുടങ്ങിയത് മറികടക്കാൻ എന്ത് ചെയ്തു, ദേശീയ പാത പൊട്ടിപ്പൊളിഞ്ഞ വിഷയത്തിൽ സംസ്ഥാന സർക്കാർ പരാതി ഉന്നയിക്കാത്തത് എന്താണ്, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാതെ അപമാനിക്കുന്നത് എന്തുകൊണ്ട് എന്നതടക്കം ഏഴ് ചോദ്യങ്ങളും സതീശൻ ഇന്നുന്നയിച്ചു. തെരഞ്ഞെടുപ്പ് തീരും മുമ്പ് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിലമ്പൂരിൽ മുഖ്യമന്ത്രി രാഷ്ട്രീയവും വികസനവും പറയുന്നില്ലെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.

പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മുന്നണികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ, തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന യൂസഫ് പത്താൻ എന്നിവർ ഇന്ന് മണ്ഡലത്തിൽ പ്രചരണത്തിനുണ്ട്.

SCROLL FOR NEXT