കോഴിക്കോട് തിരുവമ്പാടിയിലെ നിർബന്ധിത നിക്കാഹിൽ ഫാം ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസം സ്വദേശിയായ യുവതിയും പിതാവും. ബലം പ്രയോഗിച്ച് തന്നെ ഫാം ഉടമയായ അബ്ബാസിന്റെ മുറിയിലേക്ക് കൊണ്ടുപോയി. വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
"കോഴിഫാം ഉടമസ്ഥനായ അബ്ബാസ് മോശമായി പെരുമാറി. നിക്കാഹ് നടത്തിക്കൊടുക്കാൻ പിതാവിനെ ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ ജോലി ചെയ്യാനാകില്ലെന്ന് മാനേജർ പറഞ്ഞു. ബലം പ്രയോഗിച്ച് അബ്ബാസിന്റെ മുറിയിലേക്ക് കൊണ്ടുപോയി. വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. സഹോദരിമാരെയും ഭാര്യമാരാക്കുമെന്ന് പറഞ്ഞു". അബ്ബാസിന്റെ ദുബായിലെ സുഹൃത്തിന്റെയൊപ്പം പോകേണ്ടി വരുമെന്ന് പറഞ്ഞായും യുവതി പറഞ്ഞു.
കൂലി ചോദിച്ചപ്പോൾ മകളെ തരുമോയെന്ന് അബ്ബാസ് ചോദിച്ചെന്നാണ് പെൺകുട്ടിയുടെ പിതാവും വെളിപ്പെടുത്തുന്നത്. "ജോലി ചെയ്തതിന്റെ കൂലി നൽകുന്നില്ല. കൂലി ചോദിച്ചപ്പോൾ മകളെ തരുമോ എന്നാണ് ചോദിച്ചത്. മകളെ തന്നാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. മകളെ അന്യനാട്ടിലേക്ക് അയക്കാനാണ് ശ്രമം. വീട് ഒഴിയാനും പറയുന്നുണ്ട്, പണം കിട്ടാതെ എവിടെ പോകും" പിതാവ് പറയുന്നു. രണ്ട് മാസമായി അബ്ബാസിന്റെ ഫാമിൽ ജോലി ചെയ്യുകയാണ് അസമിൽ വന്ന കുടുബം. നിലവിൽ ഫാം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്.
മെയ് 28 നാണ് സംഭവമുണ്ടായത്. ഫാം അടച്ചുപൂട്ടുന്നതോടെ മറ്റൊരു ഫാമിലേക്ക് കുടുംബത്തെ മാറ്റാനാണെന്ന് പറഞ്ഞ് മെയ് 27നാണ് അബ്ബാസ് ഇവരെ തിരുവമ്പാടിയിലേക്ക് കൊണ്ടുപോയത്. മെയ് 28 ന് പെൺകുട്ടിയെ വിവാഹം കഴിച്ചതായി അറിയിക്കുകയായിരുന്നു. സമ്മതമില്ലാതെ വിവാഹം എങ്ങനെ നടത്തിയെന്ന് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണെന്ന് മാനേജർ പറഞ്ഞതായാണ് കുടുംബം പറയുന്നത്.