തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെയുള്ളത് ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധര്‍മ്മടം മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം പിണറായി വിജയൻ്റെ പേരില്‍ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയുടെ പേരില്‍ 60.58 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്.
ഭൂസ്വത്തിൻ്റെ കാര്യമെടുത്താല്‍ മുഖ്യമന്ത്രിക്ക് 78 സെൻ്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെൻ്റ് സ്ഥലവുമുണ്ട്. കൂടാതെ 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കമലയുടെ പേരിലുണ്ട്. ഇരുവരുടെയും പേരില്‍ ബാധ്യതകൾ ഒന്നുമില്ലെന്നും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി റിട്ടേണിങ് ഓഫീസര്‍ സച്ചിന്‍ കൃഷ്ണയ്ക്ക് മുൻപാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. സിപിഐഎം നേതാക്കളായ ഇ.പി. ജയരാജന്‍, എ.എന്‍. ഷംസീര്‍, കെ.കെ. രാഗേഷ് തുടങ്ങിയവരും മറ്റ് എല്‍.ഡി.എഫ് നേതാക്കളും പത്രികാ സമര്‍പ്പണ വേളയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.