മാടക്കത്തറ പഞ്ചായത്ത് കാര്യാലയം  Source: News Malayalam 24x7
KERALA

നിർധനരോഗികൾക്ക് ആശ്വാസമായി; മാതൃകാ ചികിത്സ സഹായ പദ്ധതിയുമായി മാടക്കത്തറ പഞ്ചായത്ത്

ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായവും മരുന്നുകളും മുടക്കമില്ലാതെ വിതരണം ചെയ്യുന്നതാണ് പദ്ധതി.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിർധനരായ രോഗികൾക്ക് ആശ്വാസമാകുന്ന മാതൃകാ ചികിത്സ സഹായ പദ്ധതി വിജയകരമായി നടപ്പാക്കുകയാണ് തൃശൂരിലെ മാടക്കത്തറ പഞ്ചായത്ത്. ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായവും മരുന്നുകളും മുടക്കമില്ലാതെ വിതരണം ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

ആശ്വാസ് 2021 എന്ന പേരിൽ ഡയാലിസിസിനും മറ്റ് ചികിത്സ ആവശ്യങ്ങൾക്കുമായി പ്രതിമാസം 4000 രൂപയും മരുന്നുകളും ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയാണ് നടപ്പിലാക്കുന്നത്. അഞ്ച് വർഷം മുൻപാണ് മാടക്കത്തറ പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ സണ്ണി ചെന്നിക്കരയാണ് ആശയം മുന്നോട്ട് വെച്ചത്. ആശയം വിജയിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു ചികിത്സ സഹായ പദ്ധതി നടപ്പിലാക്കിയ തദ്ദേശ സ്ഥാപന എന്ന നേട്ടം മാടക്കത്തറ പഞ്ചായത്തിന് കൈവരിക്കാനായി.

ഒരു മാസം പോലും മുടങ്ങാതെ പദ്ധതി മുന്നോട്ട് പോകാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയാണ് . ആശ്വാസ് പദ്ധതിക്കൊപ്പം ജനക്ഷേമകരമായ ഒട്ടേറെ മറ്റ് വികസന പ്രവർത്തനങ്ങളും പഞ്ചായത്ത് ഇക്കാലത്തിനിടയിൽ നടപ്പിലാക്കിയിട്ടുണ്ട്. കൃഷി, ജലസേചനം, ആരോഗ്യം ,ടൂറിസം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളും 2020 മുതൽ പ്രവർത്തിക്കുന്ന ഭരണ സമിതിയുടെ നേട്ടങ്ങളാണ്. ആശ്വാസ് പദ്ധതിയെ മാതൃകയാക്കി കൊണ്ട് പല തദ്ദേശ സ്ഥാപനങ്ങളും ഈ രീതി ഏറ്റെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT