വയനാട്: സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് എസ്എഫ്ഒ രതീഷ് കുമാറിനെ വനംവകുപ്പ് സസ്പെൻഡ് ചെയ്തത്. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന എസ്എഫ്ഒ രതീഷ് കുമാർ പരാതിയിൽ നിന്ന് പിൻമാറാൻ ജീവനക്കാരിയെ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.
സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വച്ച് ഈ മാസം ഒന്നിനാണ് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലൈംഗിക അതിക്രമത്തിന് ഇരയായത്. ജീവനക്കാരിയെ ഒറ്റയ്ക്ക് ഡ്യൂട്ടിക്കിട്ട എസ്എഫ്ഒ രതീഷ് കുമാർ അർധരാത്രിയെത്തി ഓഫീസ് കുറ്റിയിട്ട് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. കേസിൽ പരാതിയിൽ ഉറച്ച് നിന്ന ജീവനക്കാരിയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സഹപ്രവർത്തകർ വഴിയും പണം വാഗ്ദാനം ചെയ്തും സമ്മർദം ചെലുത്തിയെങ്കിലും അതിജീവിത കേസിൽ ഉറച്ചുനിന്നു. കേസ് ഒതുക്കാൻ കൽപ്പറ്റ റേഞ്ചിൽ നിന്നും ഉന്നതരുടെ ശ്രമമുണ്ടായിട്ടും ഒടുവിൽ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. വനം വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് ലൈംഗിക അതിക്രമ പരാതികളിൽ ആരോപണ വിധേയനാണ് രതീഷ് കുമാർ. കൂടുതൽ തെളിവ് പുറത്ത് വന്നതിന് പിന്നാലെ രതീഷിനെ സസ്പെൻഡ് ചെയ്തെങ്കിലും കേസിൽ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ ഡിഎഫ്‌ഒ ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.