പത്തനംതിട്ട: അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്ന് മുത്തച്ഛൻ റെജി സാമുവൽ. അവയവമാറ്റത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും പ്രചരിക്കുന്നവയിൽ ഉണ്ട്. തങ്ങൾ ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. തങ്ങൾക്ക് സർക്കാരിൻ്റെ ഉൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ട്. തങ്ങൾ ഇടപെടേണ്ട സാഹചര്യം വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റെജി സാമുവൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി വിട പറഞ്ഞ ആലിന്‍ ഷെറിൻ്റെ സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് മാതാപിതാക്കളും കുടുംബവും തയ്യാറാവുകയായിരുന്നു.