KERALA

ആട്ടിൻകുന്ന് പള്ളിത്തോട്ടം തർക്കം: "ടാപ്പിങ് നിരോധന ഉത്തരവിൽ ഗൂഢാലോചനയുണ്ട്", മുഖ്യമന്ത്രിക്കെതിരെ യാക്കോബായ സഭ

രേഖകൾ പരിശോധിച്ച് ഇരു വിഭാഗങ്ങളെയും കേട്ട ശേഷം ഇട്ട ഉത്തരവാണ് അസാധാരണ വേഗത്തിൽ അട്ടിമറിച്ചതെന്ന് യാക്കോബായ സഭ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പിറവം ആട്ടിൻകുന്ന് സെൻ്റ മേരീസ് പള്ളിയിലെ റബർ തോട്ടം തർക്കത്തിൽ ആർ.ഡി.ഒ ഉത്തരവ് റദ്ദാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് യാക്കോബായ സഭ. പള്ളിയിലെ ആർ.ഡി.ഒ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയതിൽ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് യാക്കോബായ സുറിയാനി സഭ ആരോപിച്ചു. രേഖകൾ പരിശോധിച്ച് ഇരു വിഭാഗങ്ങളെയും കേട്ട ശേഷം ഇട്ട ഉത്തരവാണ് അസാധാരണ വേഗത്തിൽ അട്ടിമറിച്ചതെന്ന് സഭ വിമർശിച്ചു.

മുഖ്യമന്ത്രി ദേവലോകം അരമന സന്ദർശിച്ചതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്. ഇടപെട്ട 'ഉന്നതതലം' ഏതെന്ന് വെളിപ്പെടുത്തണമെന്നും സഭ ആവശ്യപ്പെട്ടു. പള്ളിയിലെ ആർ.ഡി.ഒ ഉത്തരവ് റദ്ദാക്കിയതിൽ സഭ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

ഓർത്തഡോക്സ് സഭയുടെ സമ്മർദത്തിന് വഴങ്ങിയാണ് സംസ്ഥാന സർക്കാർ പിറവം ആട്ടിൻകുന്ന് പള്ളിയിലെ റബർത്തോട്ട തർക്കത്തിലെ ആർ.ഡി.ഒ ഉത്തരവ് റദ്ദാക്കിയത്. റബ്ബർ മരങ്ങളുടെ ടാപ്പിങ്ങിന് ഏർപ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം റദ്ദാക്കുകയായിരുന്നു. പള്ളികളുടെ നടത്തിപ്പ് 1934ലെ ഭരണഘടനാ പ്രകാരം വേണമെന്ന കോടതി ഉത്തരവ് ബാധകമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി വിധിയിലൂടെ പള്ളിയും സെമിത്തേരിക്ക് സമീപത്തെ റബർ തോട്ടവും ഓർത്തഡോക്സ് വിഭാഗം ഏറ്റെടുത്തതിന് പിന്നാലെയാണ് തർക്കം രൂക്ഷമായത്. ടാപ്പിങ്ങുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ റബർ മരങ്ങൾ വെട്ടി നശിപ്പിച്ചതും ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയതുമാണ് പുതിയ സംഘർഷത്തിന് വഴിവച്ചത്.

SCROLL FOR NEXT