തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയെന്ന് ജയിലിൽ ഉള്ള പ്രതി ഹരികുമാറിൻ്റെ മൊഴി. കേസിലെ ഏക പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാർ റൂറൽ എസ്പിക്കാണ് മൊഴി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിലും പ്രതി ഇത് ആവർത്തിക്കുകയാണ് ചെയ്തത്. ഇതോടെ അമ്മ ശ്രീതുവിനേയും ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് അനുമതി തേടിയിട്ടിണ്ട്.
ജനുവരി 30നാണ് ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെയോടെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചിരുന്നു.
പെട്ടെന്നുള്ള പ്രകോപനത്തിൻ്റെ പുറത്താണ് കുട്ടിയെ കൊന്നതെന്നായിരുന്നു പ്രതി ഹരികുമാർ പറഞ്ഞിരുന്നത്. ദേവേന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മുറിയ്ക്ക് തീയിട്ടു. ശ്രീതുവിനെ വിളിച്ചിട്ട് വരാത്തതിലുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ തൻ്റെ മുറിയിലേക്ക് കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകിയിരുന്നു.
കുഞ്ഞിൻ്റെ കരച്ചിൽ പോലും പ്രതി ഹരികുമാറിന് അരോചകമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണം എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികെയാണ് ഹരികുമാർ മൊഴി മാറ്റി പറയുന്നത്. മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.