KERALA

പ്രതിപക്ഷ ഉപനേതൃപദവി തർക്കം: നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്ന് എൻ. അരുൺ, ആപത്ത് കാലത്ത് വിലപേശുന്നുവെന്ന് സിപിക്കെതിരെ ഡിവൈഎഫ്ഐ

ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് എം. വിജിൻ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പ്രതിപക്ഷ ഉപനേതൃ പദവി തർക്കത്തിൽ സിപിഐഎം-സിപിഐ പരസ്യപ്പോര് രൂക്ഷമാകുന്നു. സംസ്ഥാന നേതാക്കൾ പരസ്യമായ പോരിലേക്ക് കടന്നതോടെ വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും കാര്യങ്ങൾ കടക്കുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്ന് എൻ. അരുൺ പറഞ്ഞു. 5000 വോട്ടുകൾ പോലും കിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയാണ്. ഫേസ്ബുക്ക് കുറിപ്പുകൾ എഴുതും മുൻപ് ചരിത്രം പഠിക്കണമെന്നും എൻ. അരുണിൻ്റെ വിമർശനം.

അതേസമയം സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ആപത്ത് കാലത്ത് വിലപേശുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിൻ. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല. നേട്ടം മാത്രമല്ല, നഷ്‌ടവും പങ്കിടുന്നതാണ് മര്യാദ. പൂച്ചെണ്ടു മാത്രമല്ല, ഏറുവന്നാൽ അതും കൊള്ളുന്നതാണ് ഹീറോയിസമെന്നും വിജിൻ.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പഞ്ചതന്ത്രം കാലാതീതമാണ് . ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന് ഓർമ്മപ്പെടുത്തുന്ന മല്ലനും മാതേവനും കഥ നമുക്കെല്ലാം ചിര പരിചിതമാണ് .

കഥയിൽ ആപത്തിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിനെയാണ് കണ്ടത്.

ഇവിടെ ആപത്തു കാലത്ത് ഒരു പടി കൂടി കടന്ന് വിലപേശുന്നവരെ കാണാം .

നേട്ടം മാത്രമല്ല നഷ്‌ടവും പങ്കിടണം .

അതാണല്ലോ മര്യാദ .

തെരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ ചരിത്രവും വിശദമായി തന്നെ വിശദീകരിച്ച ജിസ്മോൻ മറന്നുപോയ ചില കാര്യങ്ങളുണ്ട് .

ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സി പി ഐ എം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൻ്റെ ചരിത്രം ജിസ്മോന്

മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല .

സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്‌ടപ്പെട്ട സി പി ഐ എം പ്രവർത്തകരുടെ എണ്ണം എത്രയെന്ന് ജിസ്മോന് നിശ്ചയമുണ്ടോ .

അടിയന്തരാവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സി.പി. ഐയ്ക്ക് അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതക്കിരയാക്കിയ സി.പി ഐ എം നേതാക്കളെയും പ്രവർത്തകരെയും കുറിച്ചറിയാമോ .

ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയം അവശേഷിച്ചത് സിപിഐഎമ്മിൻ്റെ

പിന്മടങ്ങാത്ത പോരാട്ടം കൊണ്ടായിരുന്നുവെന്ന് മറക്കരുത് .

വച്ചു നീട്ടപ്പെട്ട പ്രധാനമന്ത്രി പദം

രാഷ്രീയ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ മുൻനിർത്തി

വേണ്ടെന്ന് വച്ചവരെ നഷ്‌ട കണക്കു പറഞ്ഞ് ഭയപ്പെടുത്തരുത് .

ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല .

പൂച്ചെണ്ടു മാത്രമല്ല

ഏറുവന്നാൽ അതും കൊള്ളണം

അതല്ലേ ഹീറോയിസം ...

SCROLL FOR NEXT