ബസേലിയോസ്‌ ക്ലീമീസ് ബാവ Source: Files
KERALA

"മനുഷ്യരെ കൊല്ലുന്നതിലല്ല, ചേർത്തുപിടിക്കുന്നതിലാണ് മികവെന്ന് ഭരണാധികാരികൾ മനസിലാക്കട്ടെ"; ദുഃഖവെള്ളി സന്ദേശത്തിൽ ബസേലിയോസ്‌ ക്ലീമീസ് ബാവ

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ വേദന അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കാമെന്ന് ബസേലിയോസ്‌ മാർ ക്ലീമീസ് ബാവ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ വേദന അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കാമെന്ന് കര്‍ദിനാള്‍ ബസേലിയോസ്‌ മാർ ക്ലീമീസ് ബാവ. ഭരണാധികാരികൾക്ക് വിവേകം ഉണ്ടാകട്ടെ എന്നും മനുഷ്യരെ കൊല്ലുന്നതിലല്ല ചേർത്തുപിടിക്കുന്നതിലാണ് മികവെന്ന് ഭരണാധികാരികൾ മനസിലാക്കട്ടെ എന്നും ദുഃഖവെള്ളി സന്ദേശത്തിൽ ക്ലീമീസ് ബാവ പറഞ്ഞു.

വിവിധ ആളുകളാൽ സഭ എല്ലാ കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സഭയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ തകർന്നു പോകുമെന്നും താമരശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനി പറഞ്ഞു. പീഡിപ്പിക്കുന്നവർ ഇല്ലാതെയാകും, സഭ എന്നും തലയുയർത്തി നിൽക്കുമെന്നും ദുഃഖവെള്ളി സന്ദേശത്തിൽ റമീജിയോസ് ഇഞ്ചനാനി പറഞ്ഞു. എഫ്‌സിആര്‍എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ ലോകമെങ്ങുമുള്ള ആളുകളിൽ നിന്ന് സഹായം സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. അതില്ലാതാക്കാൻ ആര് ശ്രമിക്കുന്നുണ്ടോ അവരില്ലാതെയാകും. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. സത്യത്തിനും നീതിക്കും നിലകൊള്ളുന്നവർക്ക് വേണ്ടി വോട്ട് ചെയ്യണം. മലയോര മേഖലയ്ക്ക് അനുകൂലമായ പ്രകടനപത്രിക പ്രത്യാശ നൽകുന്നതാണ്. ഇതിൽ ഗവൺമെന്റ് ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റമീജിയോസ് ഇഞ്ചനാനി പറഞ്ഞു.

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടക്കുകയാണ്. മലയാറ്റൂർ അടക്കം പ്രധാനതീർഥാടന കേന്ദ്രങ്ങളിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുഃഖവെള്ളി ചടങ്ങുകളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT