തിരുവനന്തപുരം: ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അഞ്ചരക്കണ്ടി കോളജിലെ അധ്യാപകർ നിതിൻ രാജിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തെന്ന് പിതാവ് രാജൻ പറഞ്ഞു. അധ്യാപർക്ക് പ്രശ്നം പരിഹരിക്കാമായിരുന്നു." 2000 രൂപ വീതം നൽകി അധ്യാപകർക്ക് പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ... ഞാൻ തിരികെ നൽകുമായിരുന്നല്ലോ" എന്നാണ് അദ്ദേഹം ചോദിച്ചത്.
റാമിനെയും സംഗീതയെയും ഇനിയും പിടികൂടാനായിട്ടില്ല. നിതിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണം. കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നിതിന്റെ പിതാവ് പറഞ്ഞു. കേസന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് നിതിൻ രാജിന്റെ കുടുംബം കമ്മീഷണറെ കണ്ടിരുന്നു.
ലോൺ ആപ്പ് ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമെന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്മെന്റ് വിശദീകരണം നൽകിയിരുന്നു. അധ്യാപകർ ജാതി അധിക്ഷേപം നടത്തിയിട്ടില്ല. സൈബർ സെല്ലിൽ പരാതി നൽകാൻ അധ്യാപിക തീരുമാനിച്ചതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും വിശദീകരണം. എന്നാൽ പ്രിൻസിപ്പൽ ഓഫീസിൽ നിതിനെ വിചാരണ ചെയ്യുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡോ. റാം നിതിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കോളേജിൻ്റെ വിശദീകരണം. റാം എല്ലാവരോടും ഇത്തരത്തിൽ ഇടപെടുന്ന ആളാണ്. നിതിന് മാത്രമായി വിവേചനം നേരിടേണ്ടി വന്നിട്ടില്ല. വായ്പയെടുത്തത് സഹോദരീ ഭർത്താവ് അശോകിന് വേണ്ടിയാണെന്ന് നിതിൻ പറഞ്ഞതായും വിശദീകരണത്തിൽ പറയുന്നു.
അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറായി നൽകിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യം നിതിൻ അത് നിരസിച്ചു. പിന്നീട് അധ്യാപിക സൈബർ സെല്ലിന് നൽകാനുള്ള പരാതി പ്രിൻസിപ്പാളിൻ്റെ റൂമിൽ നിന്ന് എഴുതാൻ തുടങ്ങിയതോടെയാണ് നിതിൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും വിശദീകരണത്തിൽ പറയുന്നു. നിതിൻ ഇതുവരെ കോളേജിലെ ആർക്കെതിരെയും ഒരു പരാതിയും നൽകിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.