തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തെ ന്യായീകരിച്ച് വീണ്ടും മന്ത്രി സണ്ണി ജോസഫ്. ബന്ധുവായതുകൊണ്ടല്ല നിയമനം നടത്തിയത്. മന്ത്രി എന്ന നിലയിൽ തൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന വ്യക്തിയെയാണ് നിയമിച്ചത്. അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല പേഴ്സണൽ സ്റ്റാഫിലേതെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിൽ കെപിസിസി യോഗത്തിൽ വിമർശനമുണ്ടായെന്ന റിപ്പോർട്ടുകളും മന്ത്രി തള്ളി. പാർട്ടിയുടെ സജീവ പ്രവർത്തകനായ, തെരഞ്ഞെടുപ്പിൽ ചീഫ് ഏജൻറ് ആയ , രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയായതിനാലാണ് ബെന്നി തോമസിനെ നിയമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനമുയർന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്നാണ് വിമർശനമുണ്ടായത്. വിമർശനത്തിന് ഇട നൽകരുതായിരുന്നുവെന്നും അഭിപ്രായമുയർന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് സമാന വിഷയത്തിൽ യുഡിഎഫും കോൺഗ്രസും വലിയ വിമർശനം ഉയർത്തിയതാണ്. അതുകൊണ്ട് തന്നെ ഇത്തരം വിമർശനങ്ങൾക്ക് സാഹചര്യം ഒരുക്കരുതായിരുന്നു എന്നാണ് വിമർശനമായി ഉയർന്നുവരുന്നത്.
സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്. 13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ ബെന്നി തോമസും മറ്റൊന്ന് സുദീപ് ജെയിംസുമാണ്. 13 പേരില്‍ ഈ രണ്ട് പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ല. സുദീപ് ജെയിംസ് കാലങ്ങളായി സണ്ണി ജോസഫിനൊപ്പമുള്ള ആളാണ്.