എം.വി. ഗോവിന്ദന്‍ Source: Screen Grab / News Malayalam 24x7
KERALA

'ഭാരതാംബ' വിവാദം: "ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചത്"; ശിവൻകുട്ടിക്ക് സിപിഐഎമ്മിൻ്റെ പിന്തുണ

നിലമ്പൂർ തെരഞ്ഞെടുപ്പില്‍ നല്ല പ്രചാരണം നടത്താൻ കഴിഞ്ഞുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

'ഭാരതാംബ' വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് സിപിഐഎമ്മിൻ്റെ പിന്തുണ. ശിവൻകുട്ടിയുടേത് മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സർക്കാർ പരിപാടികളിൽ മത ചിഹ്നങ്ങൾ പാടില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തില്‍‌ വ്യക്തമാക്കി.

ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. രാജ്ഭവനിലെ പരിപാടി ആർഎസ്എസ്സിൻ്റേതാക്കാനാണ് ശ്രമിച്ചത്. ആർഎസ്എസ്സിൻ്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്ന ഇടമാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരണം. വ്യക്തികൾക്ക് ആരാധനയും വിശ്വാസവും നടപ്പാക്കാം. എന്നാൽ, സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടത് മാത്രമേ ഉപയോഗിക്കാവൂയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഏതെങ്കിലും പാർട്ടിയുടേയോ സംഘടനകളുടേയോ ചിഹ്നങ്ങൾ പാടില്ല. ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്നും ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

നിലമ്പൂർ തെരഞ്ഞെടുപ്പില്‍ നല്ല പ്രചാരണം നടത്താൻ കഴിഞ്ഞുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെറ്റായ യുഡിഎഫ് പ്രചാരണങ്ങളെ തുറന്നു കാട്ടാൻ സാധിച്ചു. കള്ളക്കഥകൾ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്താൻ അവർക്ക് കഴിഞ്ഞില്ല. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തി കാട്ടാൻ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നും വർഗീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടാന് സാധിച്ചുവെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

വലിയ സ്വീകാര്യതയാണ് എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വലിയ വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. യുഡിഎഫ്, കോൺഗ്രസ് തർക്കങ്ങൾ ശക്തിയായി പുറത്തു വരുന്നതിന് ഉപതെരഞ്ഞെടുപ്പ് ഇടയാക്കാം. സിപിഐഎം ആർഎസ്എസ്സുമായി സഹകരിച്ചുവെന്ന തൻ്റെ പരാമർശം തെരഞ്ഞെടുപ്പില്‍ ചർച്ചയായില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിലമ്പൂർ വിജയം അൻവറിന്റെ സഹായത്താൽ ആകില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിലും സിപിഐഎം സംസ്ഥാന സെക്രട്ടറി തന്റെ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചു. എതിർ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളേയും തലവന്മാരേയും ഉന്മൂലനം ചെയ്യാനാണ് യുഎസിന്റെ ശ്രമമെന്നും ഇസ്രയേലുമായി ചേർന്ന് പശ്ചിമേഷ്യയിൽ കുരുതി നടത്തുന്നുവെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ആണവായുധം ഉണ്ടാക്കുന്നുവെന്ന കുറ്റമാണ് ഇറാന് മേൽ കടന്നാക്രമണത്തിന് കാരണം.ഇസ്രയേൽ ആക്രമണത്തെ യുഎസ് അപലപിക്കുന്നില്ല. ട്രംപ് വന്നതിന് ശേഷം ഇറാന് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഇറാന്‍ ചർച്ചയ്ക്ക് സന്നദ്ധരായിട്ടും ഇസ്രയേലിനെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. ഇന്ത്യൻ നിലപാട് സാമ്രാജ്യത്വ അനുകൂലമാണ്. ഇന്ത്യൻ നിലപാട് സാമ്രാജ്യത്വ അനുകൂലമാണ്. യുഎസിന്റെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT