കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റെന്ന് ബിഗ് ബോസ് താരവും നടനും സംവിധായകനുമായ അഖില്‍ മാരാർ. പൊതു പ്രവർത്തകൻ എന്ന നിലയിലും ഒരു പുരുഷൻ എന്ന നിലയിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് രാഹുൽ ചെയ്തതെന്നും ആ പെൺകുട്ടിയോടും സമൂഹത്തോട് മാപ്പ് ചോദിച്ചു മുന്നോട്ട് പോകാനുള്ള ഒരവസരം ചോദിക്കുക ആണ് അയാൾ ഇനി ചെയ്യേണ്ടതെന്നും അഖിൽ മാരാർ പറയുന്നത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് അഖിൽ മാരാരിന്റെ പ്രതികരണം.
അഖിൽ മാരാരിന്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഏത് വിധേനയും രാഹുൽ മാങ്കൂട്ടത്തിലിനെ ഇല്ലാതാക്കണം എന്ന ആരുടെയൊക്കെയോ ഉറച്ച തീരുമാനമാണ് ഘട്ടം ഘട്ടമായി പുറത്ത് വരുന്ന ശബ്ദ സംഭാഷങ്ങളും ചാറ്റുകളും എന്ന് വാദിക്കുന്നവർ അറിയാൻ. ദിലീപ്, വേടൻ, രാഹുൽ ഇവരൊക്കെ ആണ് കേരളം ആഘോഷിച്ച സ്ത്രീ പീഡന വീരന്മാർ. ഇതിൽ നാളിതുവരെ ഒരു സ്ത്രീ പോലും പരാതി പറഞ്ഞിട്ടില്ലാത്ത പീഡന വീരൻ ആണ് ദിലീപ്. അയാൾക്കെതിരെ പൊതു സമൂഹത്തിനു മുന്നിലുള്ളത് പൾസർ സുനി എന്ന ക്രിമിനൽ പോലീസിന് നൽകിയ ഒരു മൊഴി മാത്രമാണ്. ആ മൊഴി കേരളം ഒന്നടങ്കം ഏറ്റെടുത്തു. അന്ന് മുതൽ ദിലീപിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ഏറെക്കുറെ പലരും അതിൽ ആനന്ദം കണ്ടെത്തി. പൊതു പരിപാടികളിൽ അയാൾക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിൽ പോലും രാഷ്ട്രീയ നേതാക്കൾ പഴി കേട്ടു.
നാളിതുവരെ ഇരയാക്കപ്പെട്ട നടി ഒന്നും പറയാതെ തന്നെ ദിലീപ് പീഡന വീരൻ ആയി മുദ്ര കുത്തപെട്ടപ്പോൾ വേടൻ സംസ്ഥാന സർക്കാരിന് പ്രിയപ്പെട്ടവൻ ആയി മാറി. സംസ്ഥാന പുരസ്‌കാരം നൽകി ആദരിച്ചു. മാധ്യമങ്ങൾ വെളുപ്പിക്കാൻ മാറി മാറി മത്സരിച്ചു. മൂന്ന് പെൺകുട്ടികൾ ആണ് വേടന്റെ ക്രൂര ലൈംഗിക വികാരത്തിന്റെ പേരിൽ പരാതി നൽകിയത്. പരാതി നൽകിയത് ദളിത് വിഭാഗത്തിൽ പെട്ട ഡോക്ടർ പെൺകുട്ടി. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ രണ്ട് തവണ പൊലീസ് കേസിൽ പെട്ട, വിവാഹം കഴിക്കാം എന്ന് പറഞ്ഞു പെൺകുട്ടികളെ ലൈംഗിക ഭ്രാന്ത് തീർക്കാൻ ഉപയോഗിച്ച വേടൻ ഒരു വിഭാഗത്തിനു പ്രിയ പെട്ടവനും നവ അയ്യങ്കാളിയും.
അടുത്തത് രാഹുൽ, 100% രാഹുലിനെ തകർക്കാൻ ഉയർത്തി കൊണ്ട് വന്ന ആരോപണം ആണെന്ന് തന്നെ പറയാം. പക്ഷെ രാഹുൽ പൂർണമായും പൊതു പ്രവർത്തകൻ എന്ന നിലയിലും ഒരു പുരുഷൻ എന്ന നിലയിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തത്. പ്രണയം ഉണ്ടാവുന്നതും അതിൽ ലൈംഗിക വേഴ്ച സംഭവിക്കുന്നതും അതിൽ അബന്ധം പറ്റി ഗർഭം ഉണ്ടാകുന്നതും മനസ്സിലാക്കാം. എന്നാൽ വിവാഹം കഴിക്കാം എന്ന പ്രതീക്ഷ നൽകി പെൺകുട്ടികളുടെ മനസ് മാറ്റി ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നത് ന്യായീകരിക്കുന്ന നാറികളും ഉണ്ടായേക്കാം. എന്നാലിവിടെ നീ എനിക്ക് വേണ്ടി ഗർഭിണി ആകൂ എന്ന് പറഞ്ഞു ഒരു പെൺകുട്ടിയെ ബോധപൂർവം ഗർഭിണി ആക്കിയ ശേഷം അവൾ അതിന്റെ പ്രശ്നം പറയുമ്പോൾ ക്രൂരമായി മനസാക്ഷിയില്ലാതെ മറുപടി പറയാനും. ആദ്യ മാസത്തിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചു നിസാര വത്കരിക്കാനും. അമ്മ ആകുന്ന നിമിഷം ഒരു പെൺകുട്ടിയിൽ മാനസികമായി സംഭവിക്കുന്ന വൈകാരിക മാറ്റങ്ങൾ ഉൾകൊള്ളാതെ ആ കുഞ്ഞിനെ കൊന്ന് കളയാൻ ലളിതമായി ഭീഷണിപ്പെടുത്തുക. ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്ത പെരുമാറ്റം ആണ് രാഹുലിന്റെ ഇന്ന് പുറത്ത് വന്ന ഫോൺ സംഭാഷണങ്ങൾ.
ഇത് പോലെ ഉള്ള ചെയ്തികൾ ചെയ്ത ശേഷം സമൂഹത്തിൽ നന്മയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നതിന് പകരം ചെയ്ത തെറ്റുകൾക്ക് ആ പെൺകുട്ടിയോട് മാപ്പ് ചോദിച്ചു സമൂഹത്തോട് മാപ്പ് ചോദിച്ചു മുന്നോട്ട് പോകാനുള്ള ഒരവസരം ചോദിക്കുക ആണ് ചെയ്യേണ്ടത്. ഒരു പെൺകുട്ടിയെ ചതിച്ചു ഗർഭിണി ആക്കി അവളെ കൊലപാതകി ആക്കി മാറ്റാൻ പ്രരിപ്പിച്ചു സ്വന്തം ജീവിതം മാത്രം നോക്കുന്ന മനോഭാവം അപകടരമാണ് അനുകൂലിക്കുന്നവർ ഇല്ലാതാക്കാൻ നോക്കുന്നത് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കൂടിയാണ്.