KERALA

നയപ്രഖ്യാപനത്തിൽ കാര്യമായ നയമില്ല, കേന്ദ്രത്തെ തലോടിയും തൊട്ടും പോകാൻ ശ്രമം: ബിനോയ് വിശ്വം

കേന്ദ്രസർക്കാരിന് സങ്കടമോ ദേഷ്യമോ ഉണ്ടാകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കരിൻ്റെ നയമെന്നും ബിനോയ് വിശ്വം വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ നയ പ്രഖ്യാപനത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നയപ്രഖ്യാപനത്തിൽ കാര്യമായ നയം ഒന്നും ഉണ്ടായിരുന്നില്ല. കേന്ദ്രസർക്കാരിന് സങ്കടമോ ദേഷ്യമോ ഉണ്ടാകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കരിൻ്റെ നയം. കേന്ദ്രത്തെ തലോടിയും തൊട്ടും പോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇത് മധുവിധുവിൻ്റെ ഭാഗമാണോ എന്നും ബിനോയ് വിശ്വം ചോദിച്ചു.

പുതിയ സർക്കാർ അധികാരത്തിൽ വന്ന് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയാണ്. പുതുയുഗം ആയിരുന്നു മുഖ്യ ലക്ഷ്യം. സംസ്ഥാനത്തിനും നാടിനും ജനങ്ങൾക്കും ഗുണപ്രദമായ നടപടികളും ഉണ്ടായാൽ ഇടതുപക്ഷം പിന്തുണയ്ക്കും. എന്നാൽ ജനദ്രോഹ നടപടികളിലേക്ക് സർക്കാർ കടന്നാൽ അതിനെ ചെറുത്തു തോൽപ്പിക്കാൻ ജനങ്ങളുടെ കൂടെ ഇടതുപക്ഷം ഉണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എൽഡിഎഫ് നിയമസഭ കക്ഷി ഉപ നേതാവ് പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ ഇതിൽ തീരുമാനമെടുക്കും എന്നത് ഒരു മുഹൂർത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയം സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്തത് പോലുള്ള സീനുകൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. ഇഡി ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി. സിഎംആർഎൽ-എക്സാലേജിക് കേസിൽ ഒരുതരത്തിലും ബന്ധമില്ലാത്ത വ്യക്തിയാണ് പിണറായി വിജയൻ. ആ കേസിൽ പിണറായി വിജയൻ കക്ഷി അല്ലാത്തയാളാണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ എന്തിനാണ് മണിക്കൂറുകളോളം തടഞ്ഞുവച്ചത്. അങ്ങനെ ഒരു പൊളിറ്റിക്കൽ ഷോ ഇഡി നടത്താൻ പാടില്ലായിരുന്നു. ഇഡി ഈ രാഷ്ട്രീയം പലയിടത്തും കളിച്ചതാണ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

SCROLL FOR NEXT