KERALA

ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആളല്ല; എം.വി. ഗോവിന്ദനും എം.എ. ബേബിയും പഠിപ്പിക്കട്ടെ: ബിനോയ് വിശ്വം

ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണം എന്ന് അറിയില്ലെന്നും പ്രകോപിതനാകാനോ വിവാദമുണ്ടാക്കാനോ ഞാൻ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട പ്രതികരണത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആളല്ലെന്നും, എം.വി. ഗോവിന്ദനും എം.എ. ബേബിയും പഠിപ്പിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണം എന്ന് അറിയില്ലെന്നും പ്രകോപിതനാകാനോ വിവാദമുണ്ടാക്കാനോ ഞാൻ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പിഎം ശ്രീയും എംഎസ്എസ്കെയും രണ്ടും ഒന്നല്ല, ഇത് രണ്ടും കൂട്ടിക്കെട്ടുന്നത് ബിജെപി രാഷ്ട്രീയമാണ്. എസ്എസ്കെ ഫണ്ട് കിട്ടാൻ അവകാശമുണ്ട്. വിജയത്തിൻ്റെയും പരാജയത്തിൻ്റെയും അളവുകോൽ വച്ച് അളക്കാൻ ഞങ്ങളില്ലെന്നും ഇത് എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണ് എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കത്തെഴുതിയത് അടക്കം സിപിഐഎമ്മിൻ്റെയും സിപിഐയുടെയും വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഐഎമ്മിനെ ആരും പഠിപ്പിക്കേണ്ടെന്നും നയങ്ങളിൽ നിന്ന് പിന്നോട്ട് പോയത് ആരെന്നതിൽ പോസ്റ്റുമോർട്ടത്തിനില്ലെന്നുമായിരുന്നു വി. ശിവൻകുട്ടിയുടെ പ്രതികരണം. പിഎം ശ്രീയിൽ നിന്ന് പിന്മാറിയത്, ആരുടെയും വിജയമോ പരാജയമോ അല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT