തിരുവനന്തപുരം: സിപിഐക്കെതിരായ വെള്ളാപ്പള്ളി നടേശൻ്റെ ചതിയൻ ചന്തു പരാമർശത്തിന് മറുപടിപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാം. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് സർക്കാരിന് മാർക്കിടാൻ ഉള്ള ചുമതല വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും എൽഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ലെന്നും കടുത്ത ഭാഷയിൽ ബിനോയ് വിശ്വം മറുപടി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ മാത്രമല്ല യോഗം ചേർന്നത്. പാർട്ടിയുടെ യോഗത്തിൽ വിമർശനമുണ്ടാകും. അതില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ല. വിമർശനമുണ്ടായി എന്നത് യാഥാർഥ്യം. യോഗത്തിൽ സിപിഐ നേതൃത്വവും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പൊട്ടും പൊടിയുമെടുത്ത് കഥ മെനയുകയാണ് മാധ്യമങ്ങൾ. വിമർശനം പാർട്ടിയേയോ സർക്കാരിനേയോ ദുർബലപ്പെടുത്താനല്ല. എൽഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
നല്ല വിജയമുണ്ടാകുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിച്ചത്. പരാജയം ഇടതുമുന്നണിക്ക് പുത്തരിയല്ലെന്നും ബിനോയ് വിശ്വം. അതോടുകൂടി ചരിത്രം അവസാനിക്കാൻ പോകുന്നില്ല. ജനങ്ങൾ തന്ന മുന്നറിയിപ്പായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കും. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തും. തെറ്റ് തിരുത്തൽ കമ്യൂണിസ്റ്റ് ഗുണം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമ്പോൾ സർക്കാരിന് മൂന്നാം ഊഴം ഉറപ്പാണ്. പാഠം പഠിക്കേണ്ടത് ഇപ്പോഴാണ്. പാഠം ഉൾക്കൊണ്ടാലെ ഇടതുമുന്നണിക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.