നിർമാണം പൂർത്തിയാക്കാത്ത വീടുകൾ  Source: News Malayalam 24x7
KERALA

വിലങ്ങാട് പുനരധിവാസം; വീട് നിർമാണം പൂർത്തിയാക്കാതെ ബിജെപി നിയന്ത്രണത്തിലുള്ള നിർമാണക്കമ്മിറ്റി

പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നിർമാണ കമ്മിറ്റിയുടെ അവകാശവാദം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്കായി ബിജെപി പ്രാദേശിക നേതൃത്വത്തിലുള്ള നിർമാണ കമ്മിറ്റി ഏറ്റെടുത്ത വീടുകളുടെ നിർമാണം പാതിവഴിയിൽ. സർക്കാരിൻ്റെ നിർദേശപ്രകാരം ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത വീടുകൾ പൂർത്തിയായിട്ടും, ബിജെപി നിയന്ത്രണത്തിലുള്ള നിർമാണ കമ്മറ്റിയുടെ വീടുകളുടെ നിർമാണം നിലയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്.

നിർമാണ കമ്മിറ്റി കബളിപ്പിച്ചുവെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്. എന്നാൽ പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നിർമാണ കമ്മിറ്റിയുടെ അവകാശവാദം.

2019 ൽ കോഴിക്കോട് വിലങ്ങാട് ആലിമൂല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് അടുപ്പിൽ ഉന്നതിയിലെ 65 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങൾക്ക് സർക്കാർ വീട് നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തി. എന്നാൽ 27 കുടുംബങ്ങൾ നേരിട്ട് വീട് നിർമിക്കാമെന്ന് വ്യക്തമാക്കി മാറി നിന്നു. ഇതോടെ ബാക്കിയുള്ള 38 കുടുംബങ്ങൾക്ക് ഊരാളുങ്കൽ സൊസൈറ്റി മുഖേന സർക്കാർ വീട് നിർമ്മിച്ച് നൽകി.

പിന്നീട് മാറി നിന്ന 27 കുടുംബങ്ങളുടെ വീട് നിർമാണ ചുമതല ബിജെപിയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇവർ ഏറ്റെടുത്ത വീട് നിർമാണമാണ് പൂർത്തിയാകാതെ കിടക്കുന്നത്. സർക്കാർ നൽകുന്നതിനേക്കാൾ നല്ല വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ നിർമാണ കമ്മിറ്റി തങ്ങളെ കബളിപ്പിച്ചുവെന്ന് വീട്ടുകാർ പറഞ്ഞു.

വയറിങ്, പ്ലബ്ലിങ്, സിമൻ്റ് തേക്കൽ, നിലം ശരിയാക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. വീട് പണി പൂർത്തിയാകാത്തതിനാൽ ദുരന്തഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് തന്നെയാണ് 27 കുടുംബങ്ങളും നിലവിൽ താമസിക്കുന്നത്. വീട് നിർമാണത്തിന് സർക്കാർ സഹായമായി നൽകിയ മുഴുവൻ തുകയും നിർമാണ ഏജൻസിക്ക് നൽകിയതായും ഇവർ പറയുന്നു.

SCROLL FOR NEXT