സുഗതൻ Source: News Malayalam 24x7
KERALA

ആർ. സു​ഗതൻ അയോ​ഗ്യനായേക്കും! രണ്ട് കൗൺസിൽ യോ​ഗങ്ങളി‍ൽ പങ്കെടുത്തില്ല; അടുത്ത യോ​ഗം വിളിക്കണമെന്ന് പ്രതിപക്ഷം

യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോർപ്പറേഷനെ രേഖാമൂലം അറിയിച്ചിട്ടുമില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാപ്പാ കേസിൽ റിമാൻഡിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സു​ഗതൻ അയോ​ഗ്യനായേക്കും. ​​ന​ഗരസഭ ചട്ടപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോ​ഗങ്ങളിൽ നിന്ന് വിട്ട് നിന്നാൽ ജനപ്രതിനിധിയെ അയോ​ഗ്യനാക്കാം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സു​ഗതൻ കഴിഞ്ഞ രണ്ട് യോ​ഗങ്ങളിൽ പങ്കെടുത്തിട്ടില്ല. അടിയന്തരമായി അടുത്ത കൗൺസിൽ യോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സിപിഐഎം പ്രവർത്തകരെ മർദിച്ചതിൽ വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സു​ഗതനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ സു​ഗതൻ ഏപ്രിൽ 27നും മെയ് 12നും തിരുവനന്തപുരം കോർപ്പറേഷൻ ആസ്ഥാനത്ത് ചേർന്ന കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോർപ്പറേഷനെ രേഖാമൂലം അറിയിച്ചിട്ടുമില്ല. സു​ഗതനെതിരെ കാപ്പാ ചുമത്തിയതിനാൽ ഉടൻ ജാമ്യം ലഭിക്കില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അടുത്ത കൗൺസിൽ യോ​ഗത്തിലും പങ്കെടുക്കാനാകില്ല.

എന്നാൽ സു​ഗതന്റെ അയോഗ്യത തടയാൻ ബിജെപി രേഖകൾ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സിപിഐഎം ആരോപണം. നേരത്തെ പൂർത്തിയായ രണ്ട് യോ​ഗങ്ങളിലും പങ്കെടുക്കാത്തവരുടെ പേരുകളിൽ മേയർ വി.വി രാജേഷ് സു​ഗതന്റെ പേര് രേഖപ്പെടുത്താത്തതാണ് ആരോപണത്തിന് ശക്തി പകരുന്നത്. വിയ്യൂർ ജയിലിൽ തുടരുന്ന സു​​ഗതൻ അവധി ആവശ്യപ്പെട്ട് ഇതുവരെയും കോർപ്പറേഷന് കത്ത് നൽകിയിട്ടില്ല. അടിയന്തരമായി കൗൺസിൽ യോ​ഗം വിളിച്ച് ചേർക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.

SCROLL FOR NEXT