മരിച്ച തിരുമല അനിൽ Source: News Malayalam 24x7
KERALA

തിരുമല ബിജെപി കൗൺസിലർ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ പാർട്ടിക്കെതിരെ പരാമർശം

പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിലിന്റെ ആത്മഹത്യാക്കുറിപ്പ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കി. ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്താണ് അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.

ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി കൂടിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT