പി.എ. മുഹമ്മദ് റിയാസിൻ്റെ റോഡ് ഷോ  Source: Facebook
KERALA

"പി.എ. മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ല"; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മാർച്ച് 11നാണ് മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ റോഡ് ഷോ നടന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പി.എ. മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ലെന്ന് ആരോപിച്ച് ബിജെപി. ദേശീയപാത റോഡ് ഷോയിൽ മന്ത്രി ഉൾപ്പെടെ ഉള്ളവർ സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ: പ്രകാശ് ബാബുവാണ് പരാതി നൽകിയത്. 28 കിലോമീറ്ററോളം ദൂരം ഫിറ്റ്നസ് ഇല്ലാത്ത വാഹനത്തിൽ സഞ്ചരിച്ചത് കുറ്റകരമാണെന്നും ഇവർക്കെതിരെ നടപടി വേണം എന്നും ആവശ്യപ്പെട്ടാണ് പ്രകാശ് ബാബു ആർ ടി ഒയ്ക്ക് പരാതി നൽകിയത്.

മാർച്ച് 11നാണ് മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ റോഡ് ഷോ നടന്നത്. ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയായിരുന്നു സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയത്. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരാണ് മന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

പ്രധാനമന്ത്രി എത്തുന്ന ചടങ്ങിൽ മന്ത്രിയെ ഒഴിവാക്കുകയും, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടുത്തുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരും അതൃപ്തി അറിയിച്ചിരുന്നു. പ്രതിഷേധസൂചകമായി മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

SCROLL FOR NEXT