KERALA

ബിജെപി തന്ത്രം പൊളിഞ്ഞു; എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് നടത്തിയ ശ്രമം പാളി

എന്നാൽ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻഎസ്എസ് പിന്മാറിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിനായി നടത്തിയ ബിജെപി ശ്രമം പൊളിഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയത് ബിജെപി തന്ത്രമായിരുന്നു. എൻഎസ്എസ് വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ അണിയറ നീക്കം. എന്നാൽ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻഎസ്എസ് പിന്മാറിയത്.

തുഷാർ പെരുന്നയിലേക്ക് വരേണ്ടെന്ന് ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. എസ്എൻഡിപിയുമായുള്ള സാമുദായിക ഐക്യം ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന സംശയത്തിൽ ഉടനടി പിന്മാറുകയായിരുന്നു എൻഎസ്എസ്. ഐക്യം പരാജയപ്പെട്ടത് തുഷാറിന്റെ വരവോട് കൂടിയാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. തുഷാർ രാഷ്ട്രീയ പാർട്ടി നേതാവാണ്, തുഷാറിനെ അയക്കാനുള്ള തീരുമാനത്തിൽ എൻഎസ്എസിന് സംശയമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

സർക്കാരിൻ്റെ കാര്യത്തിലും പാർട്ടികളുടെ കാര്യത്തിലും സമുദായങ്ങളുടെ കാര്യത്തിലും എല്ലാം എൻഎസ്എസിന് സമദൂര നിലപാടാണ്. എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യം അടഞ്ഞ അധ്യായമാണ്. നിലപാട് മാറ്റത്തിൽ ഒരു പാർട്ടിയും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐക്യനീക്കം പ്രായോഗികമല്ലെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡിൻ്റെ നി​ഗമനത്തിന് പിന്നാലെയാണ് ഐക്യത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയത്. പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെയാരും വിവരങ്ങൾ പറയാൻ വിളിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.

SCROLL FOR NEXT