മോഹന്‍ലാലിന് പുരസ്കാരം നല്‍കിയതിന് മോദിക്ക് നന്ദി പറഞ്ഞ് ബിജെപി കേരളം 
KERALA

ചെറിയ ലാലും വലിയ മോദിയും; ഫാല്‍ക്കെ പുരസ്കാരം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി കേരളം

"നന്ദി മോദി" എന്ന് കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഈ പോസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നല്‍കിയതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി പുതിയ വിവാദം. ഫാൽകെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുമായി സംസ്ഥാനത്തെ ബിജെപി രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

മോഹന്‍ലാലിന്റെ ചെറുതും നരേന്ദ്ര മോദിയുടെ വലിയ ചിത്രവുമായിട്ടാണ് ബിജെപി കേരളത്തിന്റെ അഭിനന്ദന പോസ്റ്റർ. "നന്ദി മോദി" എന്ന് കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഈ പോസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളില്‍ ഒന്നായാണ് ബിജെപി കേരളം മോഹന്‍ലാലിന് അവാർഡ് നല്‍കിയതിലും മോദിക്ക് നന്ദി അറിയിച്ചത്.

"മലയാളത്തിൻ്റെ അഭിമാനതാരത്തിന് രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം നല്കി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയ്ക്ക് നന്ദി. മോഹൻലാലിനപ്പുറം മലയാളികൾക്കും, മലയാള സിനിമയ്ക്കും, കേരളത്തിൻ്റെ സമ്പന്നമായ കലാപാരമ്പര്യത്തിനുമെല്ലാമുള്ള ആദരമാണ് ഈ പുരസ്കാരം. മലയാളികളെ സംബന്ധിച്ച് സിനിമയ്ക്കും നടനമികവിനുമെല്ലാമപ്പുറമാണ് മോഹൻലാൽ. അവരുടെ അഭിമാനവും അഹങ്കാരവും ആദരവുമെല്ലാമാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു അഭിനേതാവുണ്ടാകില്ല. നേട്ടങ്ങളുടെ നെറുകയിൽ നില്ക്കുമ്പോഴും എല്ലാത്തിനെയും വിനയത്തോടെ ഏറ്റുവാങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തെ തേടി അർഹിച്ച അം​ഗീകാരമെത്തുമ്പോൾ അതിന് വഴിയൊരുക്കിയ മോദി സർക്കാരിന് വീണ്ടുമൊരിക്കൽക്കൂടി നന്ദി അറിയിക്കുന്നു," രാജീവ് ചന്ദ്രശേഖർ കുറിച്ചു.

അതേസമയം, ഇന്ന് ദില്ലി വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ 71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ദാദാസാഹിബ് പുരസ്കാരം ഏറ്റുവാങ്ങും. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി കൂടാതെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്ററിനുള്ള പുരസ്കാരം പൂക്കാലം സിനിമയിലൂടെ മിഥുൻ മുരളിയാണ് സ്വന്തമാക്കിയത്.

ബിജെപി കേരളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാലിന് സമ്മാനിച്ചതിന്.

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾക്കുള്ള ഏറ്റവും അർഹമായ അംഗീകാരമാണിത്.

ഞങ്ങളുടെ പ്രിയ്യപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്കാരം നൽകി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങൾ കാണുന്നു.

SCROLL FOR NEXT