പ്രിൻ്റു മാധ്യമങ്ങളോട് സംസാരിക്കുന്നു Source: News Malayalam 24x7
KERALA

"ഞാൻ തീവ്രവാദിയോ, ഗോഡ്സേ അനുയായിയോ അല്ല, സാധാരണ സ്കൂൾ അധ്യാപകൻ മാത്രം"; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രിൻ്റു മഹാദേവ്

സണ്ണി ജോസഫിന്റെയും വി.ഡി. സതീശൻ്റെയും വാക്കുകൾ കേട്ട് പിണറായി വിജയൻ ബിജെപി പ്രവർത്തകരെ വേട്ടയാടുകയാണെന്നും പ്രിൻ്റു ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി നേതാവ് പ്രിൻ്റു മഹാദേവ്. തന്നെ കൊലയാളിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് പ്രിൻ്റുവിൻ്റെ പക്ഷം. പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തിയവർക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

താൻ പറഞ്ഞ കാര്യമല്ല പ്രചരിപ്പിച്ചതെന്നാണ് പ്രിൻ്റു മഹാദേവിൻ്റെ വാദം. ചാനലും അവതാരികയും ചേർന്ന് രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാൻ മനപൂർവം ചെയ്ത കാര്യമാണിതെന്ന് പ്രിൻ്റു പറയുന്നു.

"ഞാൻ ഒരു തീവ്രവാദിയോ ഗോഡ്സേയുടെ അനുയായിയോ അല്ല.ഒരു സാധാരണ സ്കൂൾ അധ്യാപകനാണ്.എന്നെ ബോധപൂർവം കൊലയാളിയായി ചിത്രീകരിക്കാൻ നടത്തിയ നീക്കം വലിയ മാനസിക പ്രശ്നമുണ്ടാക്കി. കുടുംബമടക്കം ഒരുപാട് ബുദ്ധിമുട്ടി. എന്നെ തേജോവധം ചെയ്യാനുള്ള പല ശ്രമങ്ങളും ഉണ്ടായി. വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്," പ്രിൻ്റു മഹാദേവ് പറഞ്ഞു. സണ്ണി ജോസഫിന്റെയും വി.ഡി. സതീശൻ്റെയും വാക്കുകൾ കേട്ട് പിണറായി വിജയൻ ബിജെപി പ്രവർത്തകരെ വേട്ടയാടുകയാണെന്നും പ്രിൻ്റു ആരോപിച്ചു.

എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിൽ ഇനിയുള്ള പ്രതികരണങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പ്രിൻ്റു പറഞ്ഞു. രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസാരിക്കുമ്പോൾ താൻ വൈകാരികമാവും. അത്തരം പ്രതികരണങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്താണ് സംഭവിച്ചതെന്ന് പൊതു സമൂഹത്തെ മനസിലാക്കി കൊടുക്കാനാണ് സംസാരിച്ചതെന്നും പ്രിൻ്റു പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രിൻ്റു മഹാദേവ് പൊലീസിൽ കീഴടങ്ങിയിരുന്നു. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു പ്രിൻ്റു മഹാദേവ് കീഴടങ്ങാൻ എത്തിയത്. സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ മാജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രിൻ്റു മഹാദേവിന് എതിരെ പൊലീസ് കേസെടുത്തത്.

SCROLL FOR NEXT