വി.വി. രാജേഷ് Source: Facebook
KERALA

തലസ്ഥാന നഗരിയിൽ ഇനി ബിജെപി ഭരണം; മേയറായി സത്യപ്രതിജ്ഞ ചെയ്ത് വി.വി. രാജേഷ്

വി.വി. രാജേഷിൻ്റെ സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ആർ. ശ്രീലേഖ മടങ്ങി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷനിലെ ആദ്യ ബിജെപി അധ്യക്ഷനായി വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നൂറംഗ കൗൺസിലിൽ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് വി.വി. രാജേഷ് മേയറായത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്.

ചരിത്രമെഴുതിക്കൊണ്ടാണ് വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ നഗരസഭാ അധ്യക്ഷനായത്. നാലു പതിറ്റാണ്ടത്തെ ഇടതു ഭരണത്തിന് വിരാമമിട്ടാണ് കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയും രാജേഷിനായിരുന്നു. പാർട്ടിയുടെ അഭിമാന മുഹൂർത്തത്തിന് സാക്ഷിയാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെയുള്ള നേതാക്കളും എത്തി.

ഈശ്വരനാമത്തിലായിരുന്നു വി.വി. രാജേഷിൻ്റെ സത്യപ്രതിജ്ഞ. കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖർ, സുരേഷ് ഗോപി തുടങ്ങിയവർ രാജേഷിനെ ഷാൾ അണിയിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ ശേഷം ആർ. ശ്രീലേഖ മടങ്ങി. എല്ലാവരേയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമെന്നും അഞ്ച് വർഷത്തിന് ശേഷം ഏറ്റവും വികസന നടന്ന നഗരമായി തിരുവനന്തപുരം മാറുമെന്നും വി.വി. രാജേഷ് പറഞ്ഞു.

ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ രാജേഷിന് നറുക്ക് വീഴുകയായിരുന്നു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വി.വി. രാജേഷ് ആശംസ തേടിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. നിലവിലെ കണക്കിൽ ബിജെപി കൗൺസിലർ ആശാനാഥ് ഡെപ്യൂട്ടി മെയറാകും. ഇടതു സ്ഥാനാർഥിയായി രാഖി രവികുമാറും യുഡിഎഫ് സ്ഥാനാർഥിയായി മേരി പുഷ്പവും മത്സരിക്കും.

SCROLL FOR NEXT