തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം കെ. സുരേന്ദ്രൻ. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിലെ ഗുണ്ടാസംഘമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. രാഹുൽ കേസിൽ പുറത്തുവരുന്ന വിവരങ്ങൾ കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
"ഒരു ഇരയുടെ മാത്രം കേവല പ്രശ്നം അല്ല ഇത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്. 15 പെൺകുട്ടികളും കളമശ്ശേരിയിൽ വച്ച് ഒരു ആൺകുട്ടിയും ചികിത്സ തേടിയതായും പൊലീസിന്റെ പക്കൽ വിവരങ്ങൾ ഉണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പ്രജ്വൽ രേവണ്ണയുടെ കേസിന് സമാനമായ ഗൗരവ പ്രശ്നമാണിത്. കേരള പൊലീസിന്റെ കഴിവിനെ കുറിച്ച് അറിയുന്നവർ ആരും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല എന്നുള്ള കാര്യം വിശ്വസിക്കില്ല. അതിജീവതകളെ സഹായിക്കാൻ ആരെങ്കിലും രംഗത്ത് വന്നാൽ അവരെ സംഘടിതമായി ആക്രമിച്ചു നിലംപരിശാക്കുന്ന ക്രിമിനൽ സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്", കെ. സുരേന്ദ്രൻ.
ഒരു ഇരയിൽ മാത്രം ഒതുക്കി അന്വേഷണസംഘം കേസിനെ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും സുരേന്ദ്രൻ. രാഹുൽ മാത്രമല്ല പലരും സഹായികളായുണ്ട്. സംഘടിത കുറ്റകൃത്യമാണ് നടന്നത്. കേസിനെ ഗൗരവത്തോടെ എടുക്കാൻ കേരള പൊലീസ് തയ്യാറാവണം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൃത്രിമ രേഖ ക്രെംബ്രാഞ്ച് അന്വേഷിച്ചതാണ്. പക്ഷേ തെളിവുകളും മൊഴികളും നൽകപ്പെട്ടിട്ടും കേസ് ഒത്തുതീർപ്പാക്കപ്പെട്ടു. അടൂർ പ്രകാശിന്റെ മറുപടികൾ കേട്ടാൽ അദ്ദേഹത്തിന് ഏത് സംഘവുമായാണ് ബന്ധമെന്ന് മനസിലാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ലൈംഗിക പീഡനകേസിൽ പ്രതിയായതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അഭിപ്രായപ്പെട്ടു. രാഹുലിനെ ഒരു വീര പുരുഷനായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് നിലപാടെന്നാണ് സി. കൃഷ്ണകുമാർ പ്രതികരിച്ചത്. സണ്ണി ജോസഫ് ഏതെങ്കിലും കച്ചി തിരുമ്പിൽ പിടിച്ചു നിൽക്കാതെ രാഹുലിൻ്റെ എംഎൽഎ സ്ഥാനം രാജി വയ്പ്പിക്കണം. നിലവിൽ ചുമത്തിയ വകുപ്പുകൾ ദുർബലമാണ്. മുഖ്യമന്ത്രി ഇടപെട്ട് ഗുരുതരമായ വകുപ്പുകൾ ചുമത്തിപ്പിക്കണമെന്നും സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.