കർക്കിടകമാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവും. കർക്കിടകം ഒന്ന് ഇന്നാണെന്ന പോസ്റ്റിനാണ് വിമർശനം. കർക്കിടകം ഒന്ന് നാളെയാണ് എന്നിരിക്കെയാണ് രാജീവ് ചന്ദ്രശേഖർ രാമായണ മാസം ആരംഭിച്ചെന്ന് പറഞ്ഞ് ആശംസകൾ നേർന്ന് ചിത്രം പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ നിരവധി ആളുകൾ വിമർശിച്ചും തെറി വിളിച്ചും കമന്റിട്ടുണ്ട്.
രാമൻ്റെ ചിത്രത്തോടൊപ്പം രാമായണ മാസ ആശംസകൾ എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റെത്തിയത്. പോസ്റ്ററിൽ ജൂലൈ 16 എന്നും കുറിച്ചിട്ടുണ്ട്. "രാമായണമാസത്തിന് ആരംഭം കുറിച്ച് ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിൻ്റെ പുണ്യം നുകർന്ന് പ്രാർഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ," ഇങ്ങനെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കമൻ്റ് ബോക്സിൽ രാജീവ് ചന്ദ്രശേഖറിനെ തിരുത്തി രംഗത്തെത്തിയിട്ടുണ്ട്.