തൃശൂർ: കൂട്ടക്കൂറുമാറ്റത്തെ തുടർന്ന് രാഷ്ട്രീയ വിവാദം രൂക്ഷമായ മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് പിന്തുണ നൽകി ബിജെപി. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ മിനി മോൾക്ക് ബിജെപി അംഗങ്ങൾ പിന്തുണ നൽകിയത്.
11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും തുല്യരായതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. ഇതിനെ തുടർന്ന് മറ്റത്തൂരിൽ പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. സംഭവത്തിൽ പാർട്ടിയുടെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്ന് മിനിമോൾ വ്യക്തമാക്കി.
മറ്റത്തൂർ പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനെ തുടർന്ന് ജോസഫ് ടാജറ്റ് അംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ടുവെങ്കിലും കൂട്ടക്കൂറുമാറ്റ വിവാദം കൈവിട്ടുപോയതോടെ സമാന്തര അനുനയ നീക്കവുമായി കെപിസിസിയും രംഗത്തെത്തുകയായിരുന്നു.