KERALA

"ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പുന്നത് ദളിതൻ"; കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സി.എൻ. വിജയകുമാരിയെ ന്യായീകരിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ

സംഘടിതമായ ആക്രമണമാണ് അധ്യാപികക്കെതിരെ നടക്കുന്നതെന്നും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുത്ത സംസ്കൃതം ഡീൻ ഡോ. സി.എൻ. വിജയകുമാരിയെ ന്യായീകരിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ. വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണ്. ടീച്ചർക്കെതിരെയുള്ള വ്യാജ പരാതിയുടെ പേരിലാണ് സെനറ്റ് യോഗത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. സംഘടിതമായ ആക്രമണമാണ് അധ്യാപികക്കെതിരെ നടക്കുന്നതെന്നും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.

അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് നിരന്തരം ആക്രമിക്കുന്നത്. 15 വർഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് ആരോപണം. പക്ഷേ ഈ കാലയളവിൽ ഒന്നും വിദ്യാർഥിക്ക് പരാതികൾ ഉണ്ടായിരുന്നില്ല. ഓപ്പൺ ഡിഫൻസ് നടക്കുന്നതുവരെ യാതൊരു ആക്ഷേപവും ഉണ്ടായിരുന്നില്ലെന്നും ബിജെപി സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ പറഞ്ഞു.

അധ്യാപികയ്ക്ക് കീഴിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പട്ടികജാതി വിദ്യാർഥികൾ അധ്യാപികയുടെ വീട്ടിൽ നിന്ന് അടക്കം പഠിക്കുന്നുണ്ട്. എംഫിൽ നൽകിയപ്പോൾ വിപിൻ വിജയന് ജാതി അധിക്ഷേപ പരാതിയില്ല. പഠിക്കാത്ത വിദ്യാർഥികൾ എസ്എഫ്ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുകയാണെന്നും പി.എസ്. ഗോപകുമാർ ആരോപിച്ചു.

വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന വിവാദ പരാമർശവുമായി ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ. എന്നാൽ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ശ്രമിച്ചതെന്നാണ് ന്യായീകരണം. അക്കാദമിക് വിഷയങ്ങൾ ജാതിയുമായി കൂട്ടിക്കെട്ടരുതെന്നും വൈജ്ഞാനിക പാപ്പരത്തം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതിയെന്നും ഡോ. വിനോദ് കുമാർ ആരോപിച്ചു.

അജണ്ടയിൽ ഇല്ലാത്ത അനാവശ്യ കാര്യം ഉയർത്തിയാണ് പ്രതിഷേധം. മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്നത് മാത്രമാണ് ഇന്നത്തെ യോ​ഗത്തിൽ നടന്നതെന്നും ബിജെപി അം​ഗങ്ങൾ. എകെജി സെന്ററിന് എങ്ങനെ ഭൂമി നൽകി എന്നതടക്കമുള്ള ചോദ്യങ്ങൾ ഇന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുമ്പോൾ ആണ് കൊഞ്ഞനം കുത്തുന്നത്. ഏറ്റവും കൂടുതൽ ജാതി പറയുന്നത് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആണെന്നും ബിജെപി അം​ഗങ്ങൾ ആരോപിച്ചു. അതേസമയം, അടുത്ത സിൻഡിക്കേറ്റ് യോഗം നവംബർ 18ന് ചേരും.

SCROLL FOR NEXT