KERALA

"ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിൽ നിന്ന് നേരിട്ടത് ക്രൂരമായ ഗാർഹിക പീഡനം"; പരാതി നൽകിയതിന് പിന്നാലെ ഗുണ്ടാ ഭീഷണിയെന്ന് പങ്കാളി പ്രിയങ്ക

സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന് പിന്നാലെ ഗുണ്ടാ നേതാവ് ഗിരീഷിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ പരാതി നൽകിയ ഭാര്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിതായി പരാതി. ബിജെപി പ്രവർത്തകനും ‌ഗുണ്ടാ നേതാവുമായ കല്ലാടൻ ഗീരീഷ് വീട്ടിൽ അതിക്രമിച്ച് കയറിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇയാൾ വന്ന് പോയതിന് ശേഷം അജ്ഞാതരായ രണ്ട് പേർ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തിയെന്നും ശ്രീകുമാറിന്റെ പങ്കാളി പ്രിയങ്ക പറഞ്ഞു. ഗിരീഷ് പ്രിയങ്കയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന് പിന്നാലെ ഗിരീഷിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കള്ള സാക്ഷി പറയാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതിലകം പൊലീസ് അറസ്റ്റ് ചെയ്ത കല്ലാടം ഗിരീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം, വാധശ്രമം, തട്ടിക്കൊണ്ടുപോക്കൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഗിരീഷ്.

അതേസമയം, ശ്രീകുമാറിൽ നിന്ന് നേരിട്ടത് ക്രൂരമായ ഗാർഹിക പീഡനമാണെന്ന് പ്രിയങ്ക. പരാതി നൽകിയപ്പോൾ നേരിടുന്നത് വ്യക്തിഹത്യയും സൈബർ ആക്രമണമെന്നും പ്രിയങ്ക പറഞ്ഞു. മറ്റ് സ്ത്രീകളുമായുള്ള ശ്രീകുമാറിന്റെ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ നിരവധി വർഷങ്ങളോളം മർദനം നേരിട്ടു. മാനസിക ശാരീരിക-പീഡനങ്ങൾ സഹിക്കാതായപ്പോൾ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. വർഷങ്ങളായുള്ള പീഡനത്തെ തുടർന്ന് പരാതി നൽകിയപ്പോൾ നേരിടുന്നത് വ്യക്തിഹത്യയും സൈബർ ആക്രമമെന്നും പ്രിയങ്ക.

SCROLL FOR NEXT