KERALA

"മര്‍ദനത്തെ കുറിച്ച് അറിയിച്ചിട്ടും മന്ത്രി ഒ.ജെ. ജനീഷ് സഹായിച്ചില്ല; എ.ആർ. ശ്രീകുമാറിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഭാര്യ

താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഭാര്യ പ്രിയങ്ക. പല കാരണങ്ങൾ പറഞ്ഞ് ശ്രീകുമാർ മുൻപും തന്നെ മർദിച്ചിട്ടുണ്ട്. മർദനത്തിന് ശേഷം ചികിത്സ തേടി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ തിരിച്ചയച്ചു. വിവരം മന്ത്രി ഒ.ജെ. ജനീഷിനെ അറിയിച്ചെങ്കിലും സഹായിച്ചില്ലെന്ന് പ്രിയങ്ക ന്യൂസ് മലയാളത്തോട് പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. പലവിധ കാരണങ്ങളുടെ പേരിൽ മുൻപും ശ്രീകുമാർ തന്നെ മർദിച്ചിട്ടുണ്ട്. അമ്മയുടെയും സഹോദരന്റെയും ആശുപത്രി ആവശ്യങ്ങൾക്ക് പോയതിന്റെ പേരിലാണ് കഴിഞ്ഞദിവസം മർദിച്ചത്. ഇക്കാര്യം ചോദ്യം ചെയ്തതാണ് മർദനങ്ങൾക്ക് കാരണമെന്നും പരാതിയിൽ ഉറച്ചു നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. ശ്രീകുമാർ നല്ല രാഷ്ട്രീയക്കാരൻ ആണോ എന്ന് അറിയില്ല, എന്നാൽ നല്ല ഭർത്താവല്ല എന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മതിലകം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായി മർദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ പരാതി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT