Source: Files
KERALA

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ വിശ്വാസികളെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ബൈബിൾ ഉയർത്തി പ്രതിഷേധിച്ച് വിശ്വാസികൾ, പ്രദേശത്ത് സംഘർഷം

തങ്ങളുടെ ആരാധനാവകാശം ലംഘിക്കപ്പെടുകയാണെന്ന് വിശ്വാസികൾ...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഓമല്ലൂർ സ്നേഹത്തണൽ വൃദ്ധസദനത്തിലെ മർദനത്തിനെതിരായ പ്രതിഷേധത്തിൽ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ വിശ്വാസികളെ തടഞ്ഞ് ബിജെപി പ്രവർത്തകർ. വിശ്വാസികൾ പ്രാർഥനയ്ക്കായി കൂട്ടത്തോടെ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞു. വിശ്വാസികൾ ബൈബിൾ ഉയർത്തി പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

തങ്ങളുടെ ആരാധനാവകാശം ലംഘിക്കപ്പെടുകയാണ് എന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. ആരാധനാ കേന്ദ്രത്തിലല്ല കുട്ടികൾക്ക് നേരെ മർദനമുണ്ടായത്, ഈ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലാണ്. അവിടെയാണ് പ്രതിഷേധിക്കേണ്ടത്. പകരം ഞായറാഴ്ച ആരാധന നടക്കുന്ന സമയം തന്നെ പ്രാർഥനാ കേന്ദ്രത്തിൽ പ്രതിഷേധിക്കാൻ തെരഞ്ഞെടുത്തത് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് എന്നും വിശ്വാസികൾ ആരോപിക്കുന്നു.

അതേസമയം, എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായ 17കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

SCROLL FOR NEXT