കോട്ടയം: തിരുവഞ്ചൂരിൽ യുവതിക്ക് ആഭിചാര ക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് ക്രൂര പീഡനം. ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ഭർത്താവും മാതാപിതാക്കളും ചേർന്ന് ആഭിചാര ക്രിയ നടത്തിയത് എന്ന് യുവതി വെളിപ്പെടുത്തി. മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു.
ഭർതൃമാതാവും പിതാവും ചേർന്നാണ് മന്ത്രവാദിയെ എത്തിച്ചതും പൂജ നടത്തിയതുമെന്നും യുവതി വെളിപ്പെടുത്തി. ആഭിചാരക്രിയയുടെ പേരിൽ ക്രൂരമർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ യുവതി എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയാൽ അത് ബാധ ദേഹത്ത് ഉള്ളത് കൊണ്ടാണ് എന്ന് ഭർതൃമാതാവ് പറയുമായിരുന്നു. അമ്മയുടെ ചേച്ചിയുടെ ബാധ ദേഹത്തുണ്ടെന്ന് പറഞ്ഞായിരുന്നു പൂജ നടത്തിയതെന്നും യുവതി പറഞ്ഞു.
വീട്ടികാരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ദുരനുഭവം നേരിട്ടത് കാരണം യുവതി മാനസികമായി തകർന്നിരുന്നു. ഇതിനുപിന്നാലെ യുവതിയുടെ സഹോദരിയോട് കാര്യങ്ങൾ വിളിച്ച് പറയുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട പെരുംതുരുത്തി സ്വദേശിയായ മന്ത്രവാദി ശിവദാസ്, യുവതിയുടെ ഭർത്താവായ അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.