മരിച്ച മോഹനൻ Source: News Malayalam 24x7
KERALA

കോഴിക്കോട് ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; ശരീരത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് നിഗമനം

മരണകാരണം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കരുമല കുനിയില്‍ മോഹനനെ(65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ടോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും മോഹനൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.

അതേസമയം കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. വലതുവാരിയെല്ലിനേറ്റ കുത്താണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

ചെങ്കുത്തായ മലമുകളിലെ റബ്ബർതോട്ടത്തിൽ, കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു ജീർണിച്ച മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതകമായിരുന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വലതുവാരിയെല്ലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഈ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു. മൃതദേഹത്തിൽ നിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

SCROLL FOR NEXT