കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിലെ ബെയ്റ തുറമുറഖത്തെ കപ്പൽ അപകടത്തിൽ കണ്ടെത്തിയ മൃതദേഹം കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ശ്രീരാഗിൻ്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഇത് സ്ഥിരീകരിച്ചെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ കപ്പലപകടം ഉണ്ടായത്. ശ്രീരാഗ് ഉൾപ്പെടെയുള്ള ജീവനാക്കാർ കടലിൽ വീഴുകയായിരുന്നു. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തിൽപ്പെട്ടിരുന്നു. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെൻ്റ് എൻ്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ ഇന്ദ്രജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.
ഇറ്റലി ആസ്ഥാനമായുള്ളസീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ഇലക്‌ട്രോ ഓഫീസറാണ് ശ്രീരാഗ്. നടുവിലക്കര ഗംഗയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള-ഷീല ദമ്പതികളുടെ മകനാണ്. മൂന്നര വർശം മുൻപാണ് ഇയാൾ മൊസാംബിക്കിൽ ജോലിക്ക് കയറിയത്. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ശ്രീരാഗിന് അഞ്ചും ഒൻപതും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങളുമുണ്ട്.
അതേസമയം കാണാതായ പിറവം സ്വദേശി ഇന്ദ്രജിത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ഈ മാസം 14 നാണ് എടയ്ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിൻ്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് നാട്ടിൽ നിന്ന് തിരിച്ചുപോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.