കോഴിക്കോട്: തുഷാരഗിരിയിൽ തലയും ഉടലും വേർപ്പെട്ട രീതിയിൽ മൃതദേഹം. തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലാണ് തല മാത്രം കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണ് സംശയം. പുലിക്കയം സ്വദേശിയാണ് മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ പ്രദേശത്തെത്തിയ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തൂങ്ങി കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപം ബൈക്കും ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്. പാലത്തിന്റെ കൈവരിയിൽ കയറ് കെട്ടി, കഴുത്തിലിട്ട് പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചതാണെന്നാണ് നിഗമനം. സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.