റോഷ്നി Source: News Malayalam 24x7
KERALA

വാൽപ്പാറയിൽ പുലി പിടിച്ച നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വനം വകുപ്പും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വനം വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്തമായ തിരച്ചിലാണ് പച്ചമല എസ്റ്റേറ്റിൽ നിന്നും പുലി പാതിഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർർട്ടം നടപടികൾക്കായി മൃതദേഹം പൊള്ളാച്ചി ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് വാൽപ്പാറയ്ക്ക് സമീപം നാല് വയസുകാരിയെ പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശ് മനോജ് കുന്ദയുടെ മകൾ റോഷ്നിയെയാണ് പുലി പിടിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ തേയില തോട്ടത്തിൽ നിന്നും എത്തിയ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് നിരവധി ആളുകളുണ്ടായിരുന്നു. ആളുകൾ ബഹളം വെച്ചെങ്കിലും പുലി കുഞ്ഞിനെ കടിച്ച് ഓടിമറയുകയായിരുന്നു.

നാട്ടുകാർ പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. പിന്നാലെ വിവിധ സേനാംഗങ്ങൾ ചേർന്ന് ഒന്നിച്ചു നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഉടുപ്പ് തേയില തോട്ടത്തിൽ നിന്നും കണ്ടെടുത്തു. വന്യമൃഗങ്ങളുടെ നിരന്തര ശല്യമുള്ള മേഖലയിൽ കാലാവസ്ഥ കൂടി പ്രതികൂലമായതോടെ രാത്രി വൈകി തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. പുലർച്ചെ മുതൽ വീണ്ടും നടത്തിയ ഏഴു മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഡോഗ് സ്ക്വാഡ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നിരന്തരമുള്ള വന്യമൃഗ ശല്യത്തിൽ ഒരു ജീവൻ കൂടി നഷ്ടമായതോടെ വലിയ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

SCROLL FOR NEXT