ആലപ്പുഴ: മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾക്ക് ദാരുണാന്ത്യം. ഹരിപ്പാട് സ്വദേശി ബിനു ആണ് മരിച്ചത്. അപകടത്തിൽ കാണാതായ തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്കിനായി അച്ചൻകോവിലാറിൽ തെരച്ചിൽ തുടരുകയാണ്. പാലത്തിൻ്റെ നിർമാണം അശാസ്ത്രീയമാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പരാതിപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണത്തിനിടെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. നിർമാണ തൊഴിലാളിയായ ബിനുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏഴ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ അഞ്ച് പേർ നീന്തി കയറി. കാണാതായ ആൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം പാലത്തിന്റെ നിർമാണ കമ്പനിയായ വല്യത്ത് കൺസ്ട്രക്ഷനെതിരെ ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. കമ്പനി ബീം സ്ഥാപിക്കാനായി നിർമിച്ച പുലിമുട്ട് നേരത്തെ തന്നെ തകർന്നിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞിരുന്നെങ്കിലും അത് മാറ്റി നൽകാൻ കമ്പനി തയ്യാറായില്ലെന്ന് സന്ദീപ് വചസ്പതി ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
എന്നാൽ ആരോപണ - പ്രത്യാരോപണങ്ങൾക്കുള്ള സമയമല്ല ഇതെന്ന് യു. പ്രതിഭ എംഎൽഎ പ്രതികരിച്ചു. ഏത് അപകടത്തിലും നീച മനസ്സോടെ പെരുമാറുന്നവരുണ്ട് . ഇത്തരം മലിനമായ രാഷ്ട്രീയം അംഗീകരിക്കാനാകില്ലെന്നും യു. പ്രതിഭ എംഎൽഎ പറഞ്ഞു.