തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്ഥലംമാറ്റം ചോദിച്ചെത്തിയ ബന്ധുവായ പൊലീസുകാരനോട് 'നോ' പറഞ്ഞുവെന്നത് സംബന്ധിച്ച പ്രസംഗം വൈറലായതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍.
മാധ്യമങ്ങള്‍ ഉണ്ടെന്ന് അറിയാതെയാണ് ആഭ്യന്തര കാര്യം പ്രസംഗത്തില്‍ പറഞ്ഞതെന്നും പ്രസംഗം വൈറലായതോടെ ഭാര്യ തന്നോട് രണ്ട് ദിവസം പിണങ്ങിയെന്നുമാണ് ഷെഫീര്‍ പറഞ്ഞത്. എന്തു തന്നെയായാലും നിലപാടില്‍ മാറ്റമില്ലെന്നും ഷെഫീര്‍ പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവിന്റെ വോട്ട് പാര്‍ട്ടിക്ക് ചെയ്യാന്‍ തരണമെന്ന് പറയണമെന്നും എന്നാല്‍ താന്‍ നേരിട്ട് വിളിച്ചപ്പോള്‍ അദ്ദേഹം ഇല്ലെന്ന് പറഞ്ഞെന്നും ഷെഫീര്‍ പറഞ്ഞു.
'കഴിഞ്ഞ ദിവസം വീട്ടിലിരിക്കുമ്പോള്‍ അനുജത്തിയുടെ ഭര്‍ത്താവ് ട്രാന്‍സ്ഫറിന് റിക്വസ്റ്റ് ചെയ്തു. കഴിഞ്ഞ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ ഇദ്ദേഹത്തിന്റെ വോട്ട് നമുക്ക് തരാന്‍ പറയണമെന്ന് പറഞ്ഞിരുന്നു. ബന്ധുവെന്ന നിലയില്‍ ഞാന്‍ തന്നെ നേരിട്ട് വിളിച്ചു. യുഡിഎഫിന്റെ ആളിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം നാള്‍ ഒരു ദിവസം വീടിന്റെ കോലായില്‍ ഇരിക്കുമ്പോള്‍ മഴയത്ത് അയാള്‍ വന്നു. എനിക്ക് സ്ഥലം മാറ്റം വാങ്ങിത്തരണം എന്ന് പറഞ്ഞു. എനിക്ക് മനസില്ലെന്നും വേറെ ആളെ നോക്കാനും ഞാന്‍ അന്നേരം മറുപടി നല്‍കി,' എന്നായിരുന്നു ഷെഫീറിന്റെ മറുപടി.
ഷെഫീറിന്റെ പ്രസംഗം ഉടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഷെഫീറിനെതിരെ ട്രോള്‍ മഴയും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണം നല്‍കി അദ്ദേഹം തന്നെ രംഗത്തെത്തിയത്.