ഷംഷാദ്, സുഹൃത്ത് വൈശാഖ് Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു; മൃതദേഹത്തിന് അടുത്തിരുന്ന് മദ്യപിച്ചു

ഷഹിലയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊലപ്പെട്ടത്. ഷഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മണ്ണന്തലയിലെ ലോഡ്ജിൽ വെച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയത്.

ഇന്ന് വൈകുന്നേരമാണ് അതിദാരുണമായ സംഭവം. പോത്തൻകോട് സ്വദേശികളായ ഇരുവരും, ഷംഷാദിൻ്റെ ചികിത്സാർഥമാണ് മണ്ണന്തലയിൽ എത്തിയത്. കഴിഞ്ഞ 14ാം തിയതി മുതൽ ഇവർ മണ്ണന്തലയിലെ ലോഡ്‌ജിൽ മുറിയെടുത്ത് കഴിയുകയായിരുന്നു. ചികിത്സക്കെത്തിയ ഷംഷാദ് മുറിയിലിരുന്ന് മദ്യപിച്ചത് ഷഹീന ചോദ്യം ചെയ്തു. പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ഷഹീനയും ഭർത്താവും ആറ് മാസമായി അകന്നുകഴിയുകയാണ്. ഷഹീനയുടെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കാണുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും. ഷഹീന മരിച്ച ശേഷവും സഹോദരനും സുഹൃത്തും മുറിയിലിരുന്ന് മദ്യപിച്ചു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. യുവതിയുടെ ശരീരത്തിലാകമാനം മുറിവുകളുണ്ട്. ഷഹീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വൈശാഖിന് പങ്കുണ്ടോ എന്ന വിവരം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT