കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണു. 14-ാം വാർഡ് കെട്ടിടത്തിന്റെ ഭാഗങ്ങളാണ് തകർന്ന് വീണത്. രണ്ട് പേർക്ക് നിസാര പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. മന്ത്രിമാരായ വീണ ജോർജും വി. എൻ. വാസവനും മെഡിക്കൽ കോളേജിലെത്തി. ഉപേക്ഷിച്ച കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. പുതിയ കെട്ടിടം സജ്ജമാണെന്ന് മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി.
14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് സൂചന. ആളുകൾ എങ്ങനെയാണ് ഇവിടേക്ക് വന്നതെന്ന് അറിയില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. ബലക്ഷയം കണ്ടപ്പോൾ തന്നെ കെട്ടിടം അടച്ചിട്ടിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലം പരിശോധിക്കുകയാണ്.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു. 10 , 11 , 14 -വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചിരിക്കുകയാണ്.