KERALA

"മദ്യപിച്ച് കരോൾ നടത്തി, മനഃപൂർവം സംഘർഷം ഉണ്ടാക്കി"; പാലക്കാട്ടെ ആക്രമണത്തിൽ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാർ

അറസ്റ്റിലായ അശ്വിൻരാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്‌: പുതുശേരിയിൽ കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. മദ്യപിച്ചെത്തിയാണ് കുട്ടികൾ കരോൾ നടത്തിയത്. കരോൾ നടത്തയതിന് പിന്നിൽ സിപിഐഎം ക്രിമിനൽ സംഘമാണ്. മനഃപൂർവം സംഘർഷം ഉണ്ടാക്കാനാണ് അവർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.

21 നാണ് സംഭവം നടന്നത്. കരോൾ സംഘത്തെ ബിജെപിക്കാരൻ ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഭവത്തിൽ കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്യുകയും, വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

കുട്ടികൾ വീടുകൾ കയറി ഇറങ്ങുന്നതിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തുകയായിരുന്നു. സിപിഐഎം പുതുശേരി ഏരിയാ കമ്മിറ്റിയുടെ ഡ്രമ്മാണ് കരോൾ സംഘം ഉപയോഗിച്ചിരുന്നത്. എന്തിനാണ് സിപിഐഎം എന്ന് എഴുതി വച്ചിരിക്കുന്നത് എന്ന് ചോദിച്ച ശേഷം, ബാൻ്റ് ഉപകരണങ്ങളെല്ലാം തല്ലി തകർക്കുകയും, പിന്നാലെ സംഘത്തെ ആക്രമിക്കുകയും ചെയ്തു.

മാന്യമല്ലാത്ത രീതിയിൽ കരോൾ നടത്തിയാൽ പ്രതികരണവും അടിയും നേരിടേണ്ടിവരുമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിൻ്റെ പ്രതികരണം. കരോൾ സംഘത്തെ ആക്രമിച്ചതിൽ ബിജെപി പ്രവർത്തകരില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്നതിൻ്റെയെല്ലാം ഉത്തരവാദിത്വം ബിജെപിയ്ക്കുമേൽ കെട്ടിവെക്കുകയാണ് എന്നും ഷോൺ ജോർജ് പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങൾ ഭീഷണിയുടെ നിഴലിൽ ആണെന്നും, അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ) അറിയിച്ചു. സമാധാനപരമായ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ ഭരണഘടനക്കെതിരാണ്. മധ്യപ്രദേശിലെ ജബൽപൂരിലെ സംഭവം ഞെട്ടലുളവാക്കുന്നു. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡൻ്റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

SCROLL FOR NEXT