അഞ്ജന, ആൻ മേരി, അനില 
KERALA

യുഎസില്‍ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; അഞ്ജനയുടെ സംസ്കാരം ഇന്ന്, ആൻ മേരി മാത്യുവിന്റേത് നാളെ

അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് ഇരുവരെയും കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

യുഎസില്‍ കൊലപ്പെട്ട അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയാണ് മൃതദേഹങ്ങൾ കൊച്ചിയില്‍ എത്തിച്ചത്.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരിയുടെ മൃതദേഹം കോട്ടയത്തെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് കോട്ടയത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാര ചടങ്ങുകൾ. തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിക്കും. അവിടെയാണ് സംസ്കാര ചടങ്ങുകൾ.

ഓഗസ്റ്റ് 28ന് കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആന്‍ മേരിയെ സാന്‍ ഹോസിലെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ, ഒന്നര മണിക്കൂറിനുശേഷം അഞ്ജനയെ വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പൊലീസ് അറസ്റ്റ് ചെയ്ത അനില സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ റിമാൻഡിൽ കഴിയുകയാണ്. കൊലപാതക കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ് മിൽപിറ്റാസ് പൊലീസ്.

SCROLL FOR NEXT