KERALA

കാർഡിയോളജി വിഭാഗത്തിൽ 15 ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് 10 പേർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ പ്രതിസന്ധി

800 മുതൽ 1000 രോഗികൾ വരെയാണ് ഒരുദിവസം മാത്രം കാർഡിയോളജി ഒപിയിൽ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ വൻ പ്രതിസന്ധി. 15 ഡോക്ടർമാരുടെ തസ്തികയുള്ളിടത്ത് പത്ത് കാർഡിയോളജിസ്റ്റുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. ഇതിൽ ഒരാളെ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് തുടങ്ങിയതിനെ തുടർന്ന് അങ്ങോട്ടേക്ക് ഡെപ്യൂട്ടേഷനിൽ അയക്കുകയും ചെയ്തു. 800 മുതൽ 1000 രോഗികൾ വരെയാണ് ഒരുദിവസം മാത്രം ഒപിയിൽ എത്തുന്നത്.

എന്നാൽ ഒഴിവുകൾ എത്രയെന്ന് ചോദിച്ചാൽ കാർഡിയോളജി വിഭാഗം മേധാവിക്കുപോലും വ്യക്തമായ ഉത്തരമില്ല. ഇവിടെയുള്ള കാത്ത് ലാബിൽ ഒരു ദിവസം 16 മുതൽ 18 വരെ ആൻജിയോഗ്രാമും ആഞ്ജിയ പ്ലാസ്റ്റിയും ചെയ്യാറുണ്ട്. അടിയന്തരമായി വരുന്ന ശസ്ത്രക്രിയകൾ വേറെയും. എന്നാൽ എച്ച്ഡി‍എസിന്റെ കീഴിലുള്ള ഒരേ ഒരു കാത്ത് ലാബ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. കെഎച്ച്ആർഡബ്ല്യുഎസിന്റെ ഒരു കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസമായി എങ്കിലും ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.

പ്രവർത്തിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതാണ് തിരിച്ചടി. ചുരുക്കത്തിൽ പത്ത് ഡോക്ടർമാരെ കൊണ്ട് നിയന്ത്രിക്കാൻ ആകാത്ത വിധം ഒപിയിലും കിടത്തി ചികിത്സയിലും രോഗികൾ എത്തുന്നത് വലിയ തിരിച്ചടിയാണ്. വേണുവിനെ പോലേ പലർക്കും കൃത്യമായ ചികിത്സ തക്കസമയത്ത് കിട്ടാതെ പോകുന്നതും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുകൊണ്ടാണ്. സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ പുതുതലമുറ വിമുഖത കാണിക്കുന്നതും വലിയ തിരിച്ചടി ആണ്.

SCROLL FOR NEXT