ജി സുധാകരൻ, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ Source: Facebook
KERALA

തെളിവുകളുടെ അഭാവം; തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി. സുധാകരന്റെ പരാമര്‍ശത്തില്‍ അന്വേഷണം നിലച്ചു

89ല്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ആയതിനാലും പോസ്റ്റല്‍ ബാലറ്റ് ആയതിനാലും തെളിവുകള്‍ ശേഖരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

1989ല്‍ കെ.വി. ദേവദാസ് മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ തുറന്ന് തങ്ങള്‍ തിരുത്തിയിട്ടുണ്ട് എന്ന പരാമര്‍ശമായിരുന്നു ജി. സുധാകരന്‍ നടത്തിയത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പ്രസ്താവന തിരുത്തി ജി. സുധാകരന്‍ രംഗത്തെത്തുകായിരുന്നു.

ബാലറ്റ് പേപ്പര്‍ ഇന്നേവരെ തുറന്നു നോക്കിയിട്ടില്ലെന്നും, അത് തിരുത്തിയിട്ടില്ലെന്നുമാണ് സുധാകരന്‍ പിന്നാലെ ഉന്നയിച്ചത്. അങ്ങനെ അല്ല താന്‍ ഉദേശിച്ചതെന്നും, പറഞ്ഞ കൂട്ടത്തില്‍ ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. താന്‍ കള്ളവോട്ട് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ജില്ലാ കളക്ടറുടെ പരാതിയില്‍ ജി സുധാകരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതില്‍ തടസങ്ങളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. 89ല്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ആയതിനാലും പോസ്റ്റല്‍ ബാലറ്റ് ആയതിനാലും തെളിവുകള്‍ ശേഖരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം തന്നെ പരമാവധി രണ്ട് വര്‍ഷത്തേക്ക് ആയിരിക്കും സൂക്ഷിച്ച് വെക്കുക. അതുകൊണ്ട് തന്നെ അത്തരം രേഖകള്‍ ലഭ്യമാകുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ചെന്ന വെളിപ്പെടുത്തലില്‍ ജി. സുധാകരനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് പുറത്തുവിട്ടിരുന്നു. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേല്‍ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ കളക്ടര്‍ ആലപ്പുഴ സൗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. 36 വര്‍ഷം മുന്‍പുള്ള സംഭവം ആയതിനാല്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടാണ് നിയമോപദേശം തേടിയത്. എന്നാല്‍ പ്രസ്താവനയെ തുടര്‍ന്ന് ഉണ്ടാവാന്‍ പോകുന്ന നിയമനടപടികളെ ഭയക്കുന്നില്ലെന്നും, കൊലക്കുറ്റമൊന്നുമല്ലല്ലോ, ചെയ്തതെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തിയത്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തില്‍ ഓര്‍മത്തിരകള്‍ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തല്‍. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ ആദ്യം പറഞ്ഞത്. കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT